ദേശീയം
ബ്ലാക്ക് ഫംഗസ് ബാധയെ തുടർന്ന് മുംബൈയിൽ മൂന്ന് കുട്ടികളുടെ കണ്ണുകൾ നീക്കം ചെയ്തു
ബ്ലാക്ക് ഫംഗസ് ബാധയെ തുടർന്ന് മൂന്ന് കുട്ടികളുടെ ഓരോ കണ്ണുകൾ നീക്കം ചെയ്തു. മുംബൈയിലാണ് കുട്ടികൾക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചതിനെ തുടർന്ന് കണ്ണുകൾ നീക്കം ചെയ്തത്. 4,6,14 പ്രായമുള്ള കുട്ടികൾക്കാണ് കണ്ണുകൾ നഷ്ടമായത്. മുംബൈയിലെ രണ്ട് ആശുപത്രികളിലായാണ് മൂന്ന് പേരുടെയും ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്ക് വിധേയരായ മൂന്ന് പേരിൽ നാല് വയസും ആറ് വയസുമുള്ള കുട്ടികൾ പ്രമേഹബാധിതരായിരുന്നില്ല. 14കാരി മാത്രമാണ് പ്രമേഹബാധിതയായിരുന്നത്.
16 വയസള്ള പ്രമേഹബാധിതയായ മറ്റൊരു പെൺകുട്ടിയെ കൂടി ബ്ലാക്ക് ഫംഗസ് ബാധയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചിരുന്നു. കോവിഡ് മുക്തയായതിനു ശേഷമാണ് ഈ കുട്ടിക്ക് പ്രമേഹബാധയുണ്ടായത്. വയറിന്റെ ഒരുഭാഗത്ത് ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തുകയായിരുന്നെന്നും ഡോക്ടർമാർ പറഞ്ഞു. ഒരു കണ്ണ് നീക്കം ചെയ്യേണ്ടി വന്ന പതിനാലുകാരിക്കും വയറിൽ ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തിയ പതിനാറുകാരിക്കും കോവിഡ് രണ്ടാം തരംഗത്തിലാണ് ഫംഗസ് ബാധ സ്ഥിരീകരിക്കുന്നത്.
ആശുപത്രിയിലെത്തി 48- മണിക്കൂറിനുള്ളിൽ 14കാരിയുടെ കണ്ണുകളിലൊന്ന് കറുപ്പായി മാറിയെന്ന് ഫോർട്ടിസ് ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് ഡോ. ജേസൽ ഷേത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. കുട്ടിയുടെ മൂക്കിലേക്കും ബ്ലാക്ക് ഫംഗസ് വ്യാപിച്ചിരുന്നു. എന്നാൽ ഭാഗ്യം കൊണ്ട് തലച്ചോറിൽ എത്തിയിരുന്നില്ല. ആറാഴ്ചയോളം കുട്ടിയെ ചികിത്സിച്ചു. എന്നാൽ ദൗർഭാഗ്യവശാൽ അവൾക്ക് ഒരു കണ്ണ് നഷ്ടപ്പെട്ടു- അദ്ദേഹം കൂട്ടിച്ചേർത്തു.
നാലും ആറും വയസുള്ള കുട്ടികളെ കെബിഎച്ച് ബചുവാലി ഒഫ്താൽമിക് ആൻഡ് ഇഎൻടി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇവർ രണ്ട് പേരും കോവിഡ് ബാധിതരായിരുന്നു. കുട്ടികളുടെ കണ്ണിൽ ബ്ലാക്ക് ഫംഗസ് പടർന്നിരുന്നുവെന്ന് ഡോ. പ്രീതേഷ് ഷെട്ടി പ്രതികരിച്ചു. കണ്ണ് നീക്കം ചെയ്യാതിരുന്നെങ്കിൽ അവരുടെ ജീവൻ നഷ്ടപ്പെടുമായിരുന്നു എന്നും അദ്ദേഹം വിശദീകരിച്ചു.