കേരളം
കോഴിക്കോട് ബീച്ചാശുപത്രിയിൽ ഹൗസ് സർജൻമാർ തമ്മിൽ സംഘർഷം; ചികിത്സ കാത്തു വലഞ്ഞ് രോഗികൾ
കോഴിക്കോട് ബീച്ചാശുപത്രിയിൽ ഹൗസ് സർജൻമാർ തമ്മിൽ വാക്കേറ്റവും സംഘർഷവും. സംഭവത്തിൽ കഷ്ടത്തിലായത് ചികിത്സ തേടിയെത്തിയ രോഗികൾ. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഭവം. ജോലിക്കായി ഒരു ഹൗസ് സർജൻ വൈകി എത്തിയത് മറ്റൊരു ഹൗസ് സർജൻ ചോദ്യം ചെയ്തതാണ് വാക്കേറ്റത്തിലേക്കും പിന്നീട് സംഘർഷത്തിലേക്കും നയിച്ചത്.
അര മണിക്കൂറോളമാണ് ഹൗസ് സർജൻമാർ ഏറ്റുമുട്ടിയത്. ഒട്ടേറെ രോഗികൾ ഈ സമയത്ത് അത്യാഹിത വിഭാഗത്തിൽ ചികിത്സ കാത്തു നിൽക്കുന്നുണ്ടായിരുന്നു. നെഞ്ചു വേദനയുമായി എത്തിയ രോഗിയെ മെഡിക്കൽ കോളജിലേക്ക് മാറ്റേണ്ട അവസ്ഥ വരെയുണ്ടായി. അതോടെ ചികിത്സയ്ക്ക് കാത്തു നിന്നവരും കൂട്ടിരിപ്പുകാരും ആശുപത്രി അധികൃതരും തമ്മിലുള്ള വാക്കേറ്റവും അരങ്ങേറി.
ഒടുവിൽ മറ്റൊരു ഡോക്ടർ സ്ഥലത്തെത്തിയാണ് സംഘർഷത്തിനു അയവു വരുത്തിയത്. അനാവാശ്യ വിഷയങ്ങൾ കാരണം രോഗികൾക്ക് ചികിത്സ വൈകിയത് അംഗീകരിക്കാൻ സാധിക്കില്ലെന്നു ബീച്ചാശുപത്രി പൗരസമിതി ജനറൽ സെക്രട്ടറി സലാം വെള്ളയിൽ വ്യക്തമാക്കി. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം പരാതി ലഭിക്കാത്തതിനാൽ കേസ് എടുത്തിട്ടില്ലെന്ന് വെള്ളയിൽ പൊലീസ് വ്യക്തമാക്കി.