കേരളം
നടി ശരണ്യ ശശി അന്തരിച്ചു
നടി ശരണ്യ ശശി അന്തരിച്ചു. അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍.ഏറെ നാളായി ട്യൂമര്‍ ബാധിതയായി ചികിത്സയിലായിരുന്നു.
കോവിഡും ന്യൂമോണിയയും ബാധിച്ചതോടെ നില വഷളാവുകയായിരുന്നു. ഗുരുതരമായ അവസ്ഥയിലൂടെയാണ് നടി ശരണ്യ ശശി കടന്നുപോവുന്നതെന്ന് സുഹൃത്തായ സീമ ജി നായര്‍ പറഞ്ഞിരുന്നു. കൊവിഡ് ബാധിച്ചതോടെ ആരോഗ്യസ്ഥിതി മോശമായി. കീമോ ചെയ്യാനായി പോവാനിരിക്കവെയാണ് കൊവിഡ് ബാധിച്ചത്. സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ് വരികയാണ് താരം ഇപ്പോള്‍. മെയ് 23നായിരുന്നു ശരണ്യയ്ക്ക് കൊവിഡ് സ്ഥിരികരീച്ചത്.
കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്നായിരുന്നു ശരണ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി വഷളായപ്പോഴാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. ദിവസങ്ങള്‍ക്ക് ശേഷമായി കൊവിഡ് നെഗറ്റീവായിരുന്നു. അങ്ങനെയാണ് റൂമിലേക്ക് മാറ്റിയത്. അതിനിടയിലാണ് വീണ്ടും പനി വന്നത്. ന്യൂമോണിയ ആയതോടെ വെന്റിലേറ്റര്‍ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.
ചാക്കോ രണ്ടാമൻ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയരംഗത്തെത്തിയത്. ഛോട്ടാ മുംബൈ,തലപ്പാവ്, ബോംബെ തുടങ്ങിയ സിനിമകളിലും അഭിനയിച്ചെങ്കിലും സീരിയലുകളിലൂടെയാണ് ശരണ്യ ശ്രദ്ധ നേടിയത്.
കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയായ ശരണ്യ. കുടുംബത്തിനോടൊപ്പം തിരുവനന്തപുരത്താണ് താമസം. അമ്മയും അനിയനും അനുജത്തിയും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ ഏക അത്താണി ശരണ്യയുടെ വരുമാനമായിരുന്നു. രോഗകാലത്തും ദുരിതനാളുകളിലുമെല്ലാം ശരണ്യയ്ക്ക് കൈത്താങ്ങായി കൂടെ നിന്നത് സീരിയല്‍ കലാകാരന്മാരുടെ സംഘടനയായ ആത്മയുടെ ഭാരവാഹി സീമ ജി.നായരാണ്.നടി സീമ ജി നായരുടെ നേതൃത്വത്തില്‍ ശരണ്യക്കായി തിരുവനന്തപുരത്ത് ഒരു വീടും അടുത്തിടെ പണിതുനല്‍കിയിരുന്നു.
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമായ ശരണ്യയ്ക്ക് 2012 ലാണ് ആദ്യം ബ്രെയിന്‍ ട്യൂമര്‍ സ്ഥിരീകരിക്കുന്നത്. ഷൂട്ടിങ് ലൊക്കേഷനില്‍ കുഴഞ്ഞ് വീണ ശരണ്യയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് രോഗം കണ്ടെത്തിയത്. പിന്നീട് അങ്ങോട്ട് ചികിത്സയുടെ കാലമായിരുന്നു. ബ്രെയ്ന്‍ ട്യൂമറുമായി ബന്ധപ്പെട്ടും തൈറോയ്ഡ് ക്യാന്‍സറുമായി ബന്ധപ്പെട്ടും പതിനൊന്നു സര്‍ജറികള്‍ ആണ് ഇതു വരെ നടന്നത്. തുടര്‍ച്ചയായി രോഗം ആവര്‍ത്തിക്കുന്നത് ഒരു അപൂര്‍വ്വമായ കേസായാണ് ഡോക്ടര്‍മാരും നോക്കി കാണുന്നത്.