കേരളം
കേരളത്തിൽ നിന്നുള്ള ഭക്തർക്ക് മൂകാംബികയിൽ നിയന്ത്രണം
കർണാടക അതിർത്തിയിലെന്നപോലെ കൊല്ലൂർ മൂകാംബിക ദേവീക്ഷേത്രത്തിലും കേരളത്തിൽ നിന്നെത്തുന്നവർക്ക് നിയന്ത്രണം. കേരളത്തിൽ നിന്നുള്ളവരെ ആധാർ കാർഡും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും കാണിച്ചാലേ അമ്പലത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കൂ. അതേസമയം മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് ഈ നിയന്ത്രണങ്ങൾ ബാധകമല്ല.
കർണാടകയിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് റിപ്പോർട്ട് കാണിക്കേണ്ടതില്ല. അവർ മേൽവിലാസവും മൊബൈൽ നമ്പറും മാത്രം നൽകിയാൽ മതിയാകും. അതേസമയം ശനി, ഞായർ ദിവസങ്ങളിൽ ബാവലി വഴിയും തോൽപ്പെട്ടി വഴിയും ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് ഉണ്ടായിട്ടും സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുന്ന യാത്രക്കാരെ അതിർത്തി കടത്തിവിടാൻ കർണാടക തയാറാകാത്തത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി കുറ്റപ്പെടുത്തി.
കാർഷിക, വിദ്യാഭ്യാസ, തൊഴിൽ, വാണിജ്യ സംബന്ധമായ ആവശ്യങ്ങൾക്ക് നിരവധി ആളുകൾ വയനാട്ടിൽനിന്ന് ഈ ദിവസങ്ങളിൽ കർണാടകയിലേക്കും തിരിച്ചും സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുന്നുണ്ട്. കർണാടക സർക്കാർ-സ്വകാര്യ വാഹന യാത്രക്കാരെ തടയുന്നതിനെതിരെ സംസ്ഥാന ഭരണകൂടവും സ്ഥലം എം.എൽ.എയും ഇടപെടലുകൾ നടത്തി വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നിയോജക മണ്ഡലം ഭാരവാഹികൾ ആവശ്യപ്പെട്ടു.