കേരളം
പെരിന്തല്‍മണ്ണയിലെ പ്രവാസിയുടെ കൊലപാതകം: മുഖ്യപ്രതി യഹിയ അറസ്റ്റില്‍
പെരിന്തല്‍മണ്ണയില്‍ പ്രവാസിയെ വിമാനത്താവളത്തില്‍നിന്ന് തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി യഹിയയെ അറസ്റ്റ് ചെയ്തു. പെരിന്തല്‍മണ്ണ ആക്കപ്പറമ്പില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് ഒളിവിലിരുന്ന വീട്ടില്‍ നിന്നും ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ഇതോടെ കേസിലെ മുഴുവൻ പ്രതികളും പിടിയിലായി. ഇവരിൽ മൂന്നുപേർ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. ഇവർക്ക് വേണ്ട സഹായം ചെയ്തവരാണ് അറസ്റ്റിലായ മറ്റ് രണ്ടുപേർ. പ്രതികൾക്ക് സഹായം ഒരുക്കിയ അനസ് ബാബു, മണികണ്ഠൻ എന്നിവരാണ് ആദ്യം അറസ്റ്റിലായത്.
ഇതിനു പിന്നാലെ കൃത്യത്തിലുൾപ്പെട്ട അലിമോൻ, അൽത്താഫ്, റഫീഖ് എന്നിവരെയും പൊലീസ് പിടികൂടി. മുഖ്യപ്രതി യഹിയയെ ഒളിവിൽ പോകാനും രക്ഷപ്പെടാനും സഹായിച്ച കരുവാരക്കുണ്ട് സ്വദേശി നബീൽ, പാണ്ടിക്കാട് സ്വദേശി മരക്കാർ, അങ്ങാടിപ്പുറം സ്വദേശി അജ്മൽ എന്നിവരും അറസ്റ്റിലായിട്ടുണ്ട്.
മർദനമേറ്റ അഗളി സ്വദേശി വാക്യത്തൊടി അബ്‌ദുൽ ജലീൽ (42) കഴിഞ്ഞ 20ന് പുലർച്ചെയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. 15ന് നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ ജലീലിനെ യഹിയയുടെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയെന്നാണു കേസ്.
വിദേശത്ത് നിന്ന് സ്വർണം കടത്തുന്ന കാരിയറായിരുന്ന അബ്ജുൾ ജലീലിനെ യഹിയയുടെ നേതൃത്വത്തിൽ ഒരു സംഘം തട്ടിക്കൊണ്ടുപോകുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.