രാജ്യാന്തരം
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 16 കോടി കടന്നു
ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മുപ്പത്തി മൂന്ന് ലക്ഷം പിന്നിട്ടു. ആകെ രോഗബാധിതരുടെ എണ്ണം പതിനാറ് കോടി മൂന്ന് ലക്ഷത്തി പതിനാറായിരത്തി തൊള്ളായിരത്തി എൺപത്തിയാറായി. പതിമൂന്ന് കോടിയിലധികം ആളുകൾ കൊവിഡ് മുക്തരായി.
അമേരിക്കയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. യു എസിൽ 5.95 ലക്ഷം പേരാണ് മരിച്ചത്. രോഗികളുടെ എണ്ണത്തിലും അമേരിക്ക തന്നെയാണ് ഒന്നാം സ്ഥാനത്ത്. രാജ്യത്ത് മൂന്ന് കോടി മുപ്പത്തിനാല് ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. രാജ്യത്ത് ഇന്നലെ നാല് ലക്ഷത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടർച്ചയായ നാലാം ദിവസമാണ് രോഗികളുടെ എണ്ണം നാല് ലക്ഷം കടക്കുന്നത്. നിലവിൽ മുപ്പത്തിയേഴ് ലക്ഷം പേർ ചികിത്സയിലുണ്ട്. പ്രതിദിനം നാലായിരത്തോളം പേരാണ് മരിക്കുന്നത്.
ബ്രസീലിലും മരണസംഖ്യ കുത്തനെ ഉയരുകയാണ്. 4.22 ലക്ഷം പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. രാജ്യത്ത് ഇതുവരെ ഒരു കോടി അൻപത്തിയൊന്ന് ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മെക്‌സിക്കോയിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് 2.18 ലക്ഷം പേരാണ് മരിച്ചത്.