കേരളം
കൊല്ലത്ത് വീട്ടിൽ പ്രസവിച്ച അമ്മയും കുഞ്ഞും മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വനിതാ കമ്മീഷൻ
കൊല്ലം ചടയമംഗലത്ത് വീട്ടിൽ പ്രസവിച്ച അമ്മയും ഇവരുടെ നവജാത ശിശുവും മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന വനിതാ കമ്മീഷൻ. സംഭവത്തില്‍ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് വനിതാ കമ്മീഷന്‍ പൊലീസിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. സംഭവത്തിൽ വീഴ്ചയുണ്ടോ എന്ന് പരിശോധിക്കുമെന്നും വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ നിര്‍ദ്ദേശം നല്‍കി.
ചടയമംഗലം കള്ളിക്കാട് സ്വദേശിനിയായ അശ്വതിയും ഇവരുടെ നവജാത ശിശുവുമാണ് കഴിഞ്ഞ ദിവസം പ്രസവത്തിനിടെ സ്വന്തം വീട്ടിൽ വച്ച് മരിച്ചത്. ഒക്ടോബര്‍ ആറിന് രാത്രി ഒരു മണിയോടെ ആയിരുന്നു സംഭവം. അശ്വതിയുടെ ഭർത്താവും മകനും ചേര്‍ന്നാണ് പ്രസവം എടുത്തതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അശ്വതിയുടെ ഭർത്താവിനെ ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തിൽ സ്ഥലത്തെ ആരോഗ്യപ്രവർത്തകർക്ക് അടക്കം വീഴ്ച സംഭവിച്ചു എന്നാണ് പ്രാഥമിക വിവരം.
അശ്വതി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് ഇവരുടെ അയൽവാസികൾ പറയുന്നത്. രാത്രിയില്‍ അശ്വതിക്ക് പ്രസവ വേദന തുടങ്ങിയെങ്കിലും ഇവരെ ആശുപത്രിയിൽ കൊണ്ട് പോകാൻ വീട്ടിലുണ്ടായിരുന്ന ഭര്‍ത്താവ് തയ്യാറായില്ലെന്നും ഇയാള്‍ അശ്വതിയുടെ പ്രസവമെടുക്കാൻ ശ്രമിക്കുകയുമായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്. പിന്നേറ്റ് രാവിലെ വിവരമറിഞ്ഞതോടെ നാട്ടുകാരാണ് പൊലീസിനേയും ആരോഗ്യ വകുപ്പിനേയും കാര്യങ്ങൾ അറിയിച്ചത്. നേരത്തേയും രണ്ട് തവണ അശ്വതി വീട്ടിൽ വച്ച് പ്രസവിച്ചിരുന്നു എന്നും രണ്ട് തവണയും കുട്ടികൾ മരണപ്പെട്ടെന്നുമുള്ള സൂചനയും ഇപ്പോൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.