കേരളം
ചികിത്സാപ്പിഴവിനെത്തുടർന്ന് യുവതി മരിച്ച സംഭവം; വിദഗ്ധസമിതിയുടെ റിപ്പോർട്ട് കൈമാറി
തിരുവനന്തപുരം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ കുത്തിവെയ്പിനെത്തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ഡി.എം.ഒ. നിയോഗിച്ച വിദഗ്ധസമിതി റിപ്പോർട്ട് സമർപ്പിച്ചു. വിദഗ്ധസമിതിയുടെ റിപ്പോർട്ട് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. റീന അഡീഷണൽ സെക്രട്ടറിക്കു കൈമാറി. യുവതിയുടെ മരണം സംബന്ധിച്ച് ഫൊറൻസിക് വിഭാഗത്തിന്റെ റിപ്പോർട്ടുകൂടി പരിഗണിച്ചാവും സർക്കാർ നടപടി സ്വീകരിക്കുക.
വൃക്കയിൽ കല്ലുണ്ടെന്ന കണ്ടെത്തലിനെത്തുടർന്നാണ് മച്ചേൽ സ്വദേശിനി കൃഷ്ണാ തങ്കപ്പനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ 15-ന് രാവിലെ പ്രവേശിപ്പിച്ചത്. അലർജിയുള്ളതിനാൽ ഇൻഹെയ്‌ലർ ഉപയോഗിക്കുന്നതായി ബന്ധുക്കൾ ചികിത്സിച്ച ഡോ. വിനുവിനെ അറിയിച്ചിരുന്നു. അലർജി ടെസ്റ്റ് ചെയ്യാതെ കുത്തിവെയ്പ് നൽകിയതോടെ യുവതി ഗുരുതരാവസ്ഥയിലായി. ആറു ദിവസം മെഡിക്കൽ കോളേജ് ഐ.സി.യു.വിൽ അബോധാവസ്ഥയിലായിരിക്കെയാണ് മരിച്ചത്.
യുവതിയുടെ ഭർത്താവ് ശരത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡി.എം.ഒ. വിദഗ്ധസമിതിയെ നിയോഗിച്ചത്. മെഡിക്കൽ കോളേജിലെ വിവിധ വകുപ്പുകളിലെ മേധാവികൾ കൃഷ്ണാ തങ്കപ്പന്റെ ബന്ധുക്കളുടെയും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ സൂപ്രണ്ടിന്റെയും ചികിത്സിച്ച ഡോക്ടറുടെയും നഴ്‌സിന്റെയും മൊഴിയെടുത്തിരുന്നു. ഇതിനുശേഷം പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ചേർത്താണ് റിപ്പോർട്ട് കൈമാറിയത്. വിദഗ്ധസമിതിയുടെ റിപ്പോർട്ടിൽ പ്രാഥമികമായി ചികിത്സാപ്പിഴവുണ്ടായിട്ടില്ലെന്നാണ് വിവരം.
ഒരു മണിക്കൂറോളം മാത്രമാണ് യുവതി ആശുപത്രിയിലുണ്ടായിരുന്നത്. സാധാരണ നൽകുന്ന അളവിനെ നേർപ്പിച്ചാണ് കുത്തിവെയ്പ് നൽകിയത്. അലർജി ടെസ്റ്റ് ചെയ്യാനായി നൽകുന്ന കുത്തിവെയ്പിൽ ചിലർക്ക് അലർജിയുണ്ടാകുകയും അബോധാവസ്ഥയിലേക്കു നീങ്ങുകയും ചെയ്യുമെന്ന് വിദഗ്ധസമിതി കണ്ടെത്തി.പോസ്റ്റ്‌മോർട്ടത്തിൽ ചില പ്രശ്‌നങ്ങൾ കണ്ടെത്തിയിരുന്നു. ഇത് ഫൊറൻസിക് വിഭാഗത്തിന്റെ റിപ്പോർട്ട് ലഭിച്ചാലേ മനസ്സിലാക്കാനാകൂ. ഇതിനു ശേഷമേ സർക്കാർ തീരുമാനമെടുക്കൂവെന്നാണ് ലഭിക്കുന്ന വിവരം.