ക്രൈം
തെലങ്കാനയിൽ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാളെ യുവതി അടിച്ചുകൊന്നു
മദ്യലഹരിയിൽ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ യുവതി അടിച്ചുകൊന്നു. തെലങ്കാനയിലെ രാജേന്ദ്രനഗറിൽ വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. സെക്യൂരിറ്റി ജീവനക്കാരനായ ശ്രീനിവാസ് (46) ആണ് കൊല്ലപ്പെട്ടത്. വീടിനു മുന്നിൽ ഉറങ്ങുകയായിരുന്ന 45 കാരിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ച പുലർച്ചെയാണ് വീടിനു മുന്നിൽ ഉറങ്ങുകയായിരുന്ന 45 കാരിയെ മദ്യലഹരിയിൽ ശ്രീനിവാസ് പീഡിപ്പിക്കാൻ ശ്രമിച്ചത്. അക്രമിയിൽ നിന്ന് രക്ഷപ്പെടാൻ യുവതി ശ്രീനിവാസന്റെ സ്വകാര്യഭാഗത്ത് ചവിട്ടുകയും മർദിക്കുകയും ചെയ്തു. കുഴഞ്ഞുവീണ ശ്രീനിവാസിനെ 45 കാരി പ്ലാസ്റ്റിക് പൈപ്പ് കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
യുവതിയുടെ ഭർത്താവും മദ്യലഹരിയിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അയൽവാസികളും യുവതിയും ബഹളം വെച്ചതിനെ തുടർന്നാണ് ഇയാൾ ഉണർന്നത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി ശ്രീനിവാസനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്രീനിവാസന്റെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ 45 കാരിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.