കേരളം
കാനായി കുഞ്ഞിരാമനെ നേരില്‍ കാണും; ശില്‍പങ്ങള്‍ സംരക്ഷിക്കാന്‍ നടപടി: മന്ത്രി വി എന്‍ വാസവന്‍
കേരളശ്രീ പുരസ്‌കാരം നിരസിച്ച ശില്‍പി കാനായി കുഞ്ഞിരാമനെ നേരില്‍ക്കണ്ട് സംസാരിക്കുമെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും മന്ത്രി വിഎന്‍ വാസവന്‍. കേരളശ്രീ പുരസ്‌കാരം നിരസിക്കുന്നു എന്ന അദ്ദേഹത്തിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ശില്‍പങ്ങള്‍ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശില്‍പങ്ങളുടെ ശോഭകെടുത്തുന്ന തരത്തില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതായി ആരോപിച്ചാണ് കാനായി കുഞ്ഞിരാമന്‍ പ്രഥമ കേരളശ്രീ പുരസ്‌കാരം നിരസിച്ചത്. കഴിഞ്ഞ ദിവസമാണ് കലാരംഗത്തെ സംഭാവനകള്‍ പരിഗണിച്ച് കാനായി കുഞ്ഞിരാമന് കേരളശ്രീ പുരസ്‌കാരം പ്രഖ്യാപിച്ചത്.
ശംഖുമുഖത്തെ സമുദ്രകന്യകാ ശില്‍പ്പത്തിന് സമീപം ഒരു വലിയ ഹെലികോപ്റ്റര്‍ കൊണ്ടുവച്ച് ആ ശില്‍പത്തിന്റെ മഹിമ കെടുത്തി. അന്നത്തെ ടൂറിസം മന്ത്രിയായ കടകംപള്ളിയോട് അക്കാര്യം പറഞ്ഞിരുന്നു. അക്കാര്യത്തില്‍ പരിഹാരം കണ്ടെത്തിയില്ല. വേളിയിലെ ശില്‍പങ്ങള്‍ വികൃതമാക്കുകയാണ് കടകംപള്ളി ചെയ്തത്. അത് എന്തിന് വേണ്ടിയാണ് ചെയ്തതെന്ന് എനിക്കറിയാം. അത് തല്‍ക്കാലം ഞാന്‍ പറയുന്നില്ല. ഇതെല്ലാം കാണുമ്പോള്‍ എനിക്ക് അംഗികാരമല്ല വേണ്ടതെന്നും കാനായി പറഞ്ഞു.