കേരളം
മൂന്നാറിൽ നടുറോഡിൽ ഒറ്റയാന്റെ പരാക്രമം; യാത്രക്കാരെ വിരട്ടിയോടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
മൂന്നാർ മാട്ടുപ്പെട്ടി റോഡിൽ ഒറ്റയാന്റെ പരാക്രമം. വാഹന യാത്രക്കാരെ ഒറ്റക്കൊമ്പൻ വിരട്ടി ഓടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. തലനാരിഴയ്ക്കാണ് യാത്രക്കാർ രക്ഷപ്പെട്ടത്. പാലക്കാട് അട്ടപ്പാടി ഷോളയൂരിലെ ജനവാസമേഖലയിലും ഒറ്റയാനിറങ്ങി.
കഴിഞ്ഞദിവസം മാട്ടുപെട്ടി ഇക്കോ പോയിന്റ സമീപത്ത് വച്ചാണ് വാഹന യാത്രക്കാർക്ക് നേരെ ചിഹ്നം വിളിച്ച് ഒറ്റയാൻ പാഞ്ഞെടുത്തത്. വാഹനങ്ങൾ വേഗത്തിൽ പിന്നോട്ട് എടുത്തതിനാൽ വലിയ അപകടം ഒഴിവായി. ഒരു മണിക്കൂറോളം കൊമ്പൻ മൂന്നാർ മാട്ടുപ്പെട്ടി റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പിന്നീട് കാട് കയറി. 10 ദിവസമായി മാട്ടുപ്പെട്ടി ബോട്ട് ലാൻഡിങ്ങിന് സമീപം കുട്ടിയടക്കം 4 ആനകൾ തമ്പടിച്ചിട്ടുണ്ട്. ഈ കൂട്ടത്തിൽ പെട്ടതാണ് കൊമ്പൻ.
അട്ടപ്പാടി ഷോളയൂരിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കൊമ്പൻ മാങ്ങാക്കൊമ്പൻ എന്ന് വിളിപ്പേരുള്ള ആനയെന്നാണ് സംശയം. ഒരു മണിക്കൂറോളം കൊമ്പൻ ജനവാസമേഖലയിൽ നിലയുറപ്പിച്ചു. നാട്ടുകാരും വനംവകുപ്പും ചേർന്നാണ് ഒറ്റനായെ കാടുകയറ്റിയത്