കാലാവസ്ഥ
കേരളത്തിൽ ഇന്നും വ്യാപക മഴ; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാലിടത്ത് യെല്ലോ അലർട്ട്
കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരും. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. അതിശക്ത മഴയ്ക്ക് സാധ്യതയുള്ള 10 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ള 4 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, പാലക്കാട്, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ട് ഉള്ളത്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്, 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന പ്രദേശങ്ങളിലാണ് യെല്ലോ അലർട്ട്. ഇവിടെ ശക്തമായ മഴയാകും ലഭിക്കുക.
കനത്ത മഴ തുടരുന്ന വയനാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയായിരിക്കും. ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍, അംഗന്‍വാടികള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.
അതേസമയം മോഡല്‍ റസിഡന്‍ഷ്യല്‍ (MRS), നവോദയ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല. കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കോഴിക്കോട് ഐഎച്ച്ആര്‍ഡി ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, ചേവായൂര്‍ എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് ഹൈസ്‌കൂള്‍, കോട്ടുളി ജിഎല്‍പി സ്‌കൂള്‍, മുട്ടോളി ലോലയില്‍ അങ്കണവാടി എന്നിവയ്ക്കാണ് അവധിയുള്ളത്.