കേരളം
ആലപ്പുഴയിൽ ഹൗസ് ബോട്ടുകളിൽ വ്യാപക റെയ്ഡ്
ആലപ്പുഴയിൽ ഹൗസ് ബോട്ടുകളിൽ വ്യാപക പരിശോധന. തുറമുഖ വകുപ്പും പൊലീസും പള്ളാത്തുരുത്തി കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിൽ ഒരു ബോട്ട് പിടിച്ചെടുത്തു. മതിയായ സുരക്ഷാ സൌകര്യങ്ങളില്ലാതെ പ്രവർത്തിച്ച പതിനഞ്ച് ബോട്ടുകൾക്ക് നോട്ടീസ് നൽകി.
പിടിച്ചെടുത്ത ബോട്ട് നിയമപരമായ ഒരു രേഖയുമില്ലാതെയാണ് പ്രവർത്തിച്ചതെന്നും ജീവനക്കാരിൽ ഒരാൾക്ക് മാത്രമേ ലൈസൻസുണ്ടായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
പുന്നമടയിലെ 60 ശതമാനം ഹൗസ് ബോട്ടുകൾക്കും ലൈസൻസില്ലന്നാണ് വിവരമെന്നും പരിശോധനയ്ക്ക് ശേഷം ഇവയെല്ലാം പിടിച്ചെടുക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ ആരംഭിച്ച ബോട്ടുകളിലെ പരിശോധന തുടരും. എല്ലാ ബോട്ടുകളിലും പരിശോധന നടത്താനാണ് തുറമുഖ വകുപ്പിന്റെ തീരുമാനം.ലൈസൻസ് ഇല്ലാത്ത ഹൗസ് ബോട്ടുകൾ സർവീസ് നടത്തുന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു. നിയമലംഘനം കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.