കേരളം
കോവിഡ് വാക്സിനേഷന്റെ പേരിൽ വ്യാപക തട്ടിപ്പ്; കെണിയിൽ വീഴരുതെന്ന് മുന്നറിയിപ്പ്
കൊവിഡ് വാക്സിനേഷൻ പൂർണമായി നടപ്പാക്കാനുള്ള യജ്ഞത്തിലാണ് രാജ്യം. 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്‌സിൻ സ്വീകരിക്കാം എന്നാണ് നിർദേശം എങ്കിലും പല സംസ്ഥാനങ്ങളും വാക്‌സിൻ ലഭ്യതക്കുറവ് മൂലം ബുദ്ധിമുട്ടുന്നുണ്ട്.
ഈ അവസരം മുതലാക്കി ധാരാളം വ്യാജ വെബ്‌സൈറ്റുകളും ആപ്പുകളുമാണ് ഓൺലൈൻ തട്ടിപ്പിന് ഇറങ്ങിയിരിക്കുന്നത്. ഇത്തരം ആപ്പുകളിലോ വെബ്‌സൈറ്റുകളിലോ രജിസ്റ്റർ ചെയ്താൽ വാക്‌സിൻ പെട്ടന്ന് ലഭിക്കും എന്നാണ് വ്യാജപ്രചരണം. എന്നാൽ ഇത്തരം വ്യാജ പ്രചരണങ്ങളിൽ വഞ്ചിതരാകരുതെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.
വാക്‌സിൻ രജിസ്റ്റർ ചെയ്യുന്നതിന് നിങ്ങളുടെ ഫോണിൽ ഒരു എപികെ (APK) ഫയൽ ഇൻസ്റ്റാൾ ചെയ്യാൻ പറയുന്ന ഏതെങ്കിലും എസ്എംഎസ് നിങ്ങൾക്ക് ലഭിക്കുകയാണെങ്കിൽ, അത് വ്യാജമാണെന്നും മാൽവെയർ ആണെന്നും മനസ്സിലാക്കുക. കോൺടാക്റ്റ് ലിസ്റ്റ് പോലുള്ള ഉപയോക്തൃ ഡാറ്റ നേടുക എന്നതാണ് ഇവയുടെ ലക്‌ഷ്യമെന്നും മുന്നറിയിപ്പിൽ പറയുന്നു. രാജ്യത്തെ വാക്സിനേഷൻ യജ്ഞം പൂർണമായും ഡിജിറ്റൽ ആണ്.
നിങ്ങൾക്ക് ആരോഗ്യ സേതു ആപ്പ് അല്ലെങ്കിൽ കൊവിൻ ആപ്പ്/വെബ്സൈറ്റ് വഴി മാത്രമേ രജിസ്റ്റർ ചെയ്യാൻ കഴിയൂ.ആൻഡ്രോയിഡ് ഫോണുകളെ ലക്ഷ്യമാക്കുന്ന ഒരു വ്യാജ കൊവിഡ് വാക്സിൻ അപ്ലിക്കേഷനാണ് Covid-19.apk. ഈ അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്ന ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തിയെടുക്കും.