ദേശീയം
കോവിഡ് രോഗികൾക്ക് പ്ലാസ്മ തെറാപ്പി നൽകരുതെന്ന് ലോകാരോഗ്യ സംഘന
കോവിഡ് രോഗികൾക്ക് പ്ലാസ്മ തെറാപ്പി നൽകരുതെന്ന് ലോകാരോഗ്യ സംഘന. പ്ലാസ്മ ചികിത്സ കൊണ്ട് പറയത്തക മെച്ചമില്ലെന്നാണ് ഡബ്യുഎച്ച്ഒ പറയുന്നത്. ഇത് രോഗികളുടെ അതിജീവന ശേഷി ഉയർത്തുമെന്നോ വെൻറിലേറ്ററുകളുടെ ആവശ്യം കുറയ്ക്കുമെന്നോ കണ്ടെത്തിയിട്ടില്ലെന്നും ലോകാരോഗ്യ സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
കോവിഡ് ഭേദമായവരുടെ രക്തത്തിൽ നിന്ന് പ്ലാസ്മ വേർതിരിച്ചെടുത്ത് അതിലെ ആന്റിബോഡി രോഗികളിലേക്ക് പകർത്തി നൽകുന്നതായിരുന്നു പ്ലാസ്മ തെറാപ്പി. കോവിഡ് മുക്തരായവരോട് പ്ലാസ്മ ദാനം ചെയ്യാൻ ആവശ്യപ്പെട്ട് വലിയ ക്യാംപെയ്നുകളാണ് ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നടന്നത്.
രോഗമുക്തരുടെ ശരീരത്തിൽ നിന്നെടുക്കുന്ന ആൻറിബോഡികൾ കോവിഡ് രോഗികളുടെ ശരീരത്തിലെ കൊറോണ വൈറസിനെ നിർജ്ജീവമാക്കുമെന്നും അവ പെരുകുന്നത് തടയുമെന്നും അത് വഴി ശരീരത്തിലെ കോശങ്ങൾക്കുണ്ടാകുന്ന ക്ഷതം കുറയ്ക്കുമെന്നുമാണ് കരുതിയിരുന്നത്. എന്നാൽ ചെലവ് കൂടിയതും ദീർഘനേരം എടുക്കുന്നതുമായ ഈ ചികിത്സക്ക് പറയത്തക്ക ഫലം ഇല്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
തീവ്ര കോവിഡ് രോഗികൾ അല്ലാത്തവരിൽ പ്ലാസ്മ തെറാപ്പി ഉപയോഗിക്കരുതെന്ന് രാജ്യാന്തര തലത്തിലുള്ള ആരോഗ്യ വിദഗ്ധരുടെ പാനൽ ശക്തമായി ശുപാർശ ചെയ്യുന്നതെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു. 16,236 രോഗികളെ ഉൾപ്പെടുത്തി നടത്തിയ 16 പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ആരോഗ്യ വിദഗ്ധരുടെ ഈ നിർദ്ദേശം.