രാജ്യാന്തരം
ആരാണ് ഇസ്രായേലിനെ ഞെട്ടിച്ച ഹമാസ് ഗ്രൂപ്പ് ?
ഇസ്രയേലില്‍ സമീപകാലത്തുണ്ടായതില്‍ വച്ച് ഏറ്റവും വലിയ ആക്രമണമാണ് ഹമാസുമായി നടക്കുന്ന യുദ്ധം. ഇരുവശത്തുമായി ഇതിനോടകം കനത്ത ആള്‍നാശമുണ്ടായി. ആക്രമണത്തില്‍ 300 ഇസ്രയേലികള്‍ കൊല്ലപ്പെട്ടപ്പോള്‍ തിരിച്ചടി നടത്തിയ ഇസ്രയേലിന്റെ പ്രത്യാക്രമണത്തില്‍ 250ലധികം പേരും കൊല്ലപ്പെട്ടു. ഹമാസ് ആക്രമണം നടത്തിയ ദിവസത്തെ കറുത്ത ദിനമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിശേഷിപ്പിച്ചത്. ഞങ്ങള്‍ യുദ്ധത്തിലാണെന്ന് നെതന്യാഹു പ്രഖ്യാപനം നടത്തിയതോടെ യുദ്ധക്കളമായി ഇസ്രയേല്‍ മാറി.
പലസ്തീന്‍ ഗ്രൂപ്പായ ഹമാസുമായാണ് ഇസ്രയേല്‍ ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്നത്. എന്താണ് ഈ ഹമാസ് ഗ്രൂപ്പ്?
1987ലാണ് ഹമാസ് അല്ലങ്കില്‍, ഇസ്ലാമിക് റെസിസ്റ്റന്‍സ് മൂവ്‌മെന്റിന് തുടക്കമാകുന്നത്. പലസ്തീനിലെ ആദ്യ കലാപകാലത്തായിരുന്നു ഇത്. ഇറാന്റെ പിന്തുണയുണ്ടായിരുന്ന ഹമാസ്, 1920കളില്‍ ഈജിപ്തില്‍ സ്ഥാപിതമായ മുസ്ലിം ബ്രദര്‍ഹുഡിന്റെ ഇസ്ലാമിസ്റ്റ് പ്രത്യയശാസ്ത്രത്തോട് ചേര്‍ന്നുനില്‍ക്കുന്നതാണ്. വെസ്റ്റ് ബാങ്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ തലവനായ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള ഹ്രസ്വ ആഭ്യന്തര യുദ്ധത്തിന് ശേഷം, 2007 മുതല്‍ ഗാസ മുനമ്പില്‍ ഹമാസ് പ്രവര്‍ത്തിക്കുന്നുണ്ട്.
2006ലെ പലസ്തീന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ വിജയത്തെ തുടര്‍ന്നാണ് ഹമാസ് ഗാസ പിടിച്ചടക്കിയത്. ഇതിനെതിരെ അബ്ബാസ് ഗൂഢാലോചന നടത്തിയെന്ന് ഹമാസ് ആരോപിച്ചു. അട്ടിമറിയെന്നാണ് അബ്ബാസ് സംഭവത്തെ വിശേഷിപ്പിച്ചത്.അതിനുശേഷം നിരവധി ആക്രമണങ്ങളാണ് ഹമാസ് ഗ്രൂപ്പും ഇസ്രയേലുമായി നടത്തിയത്. ഇസ്രയേലിനെ അംഗീകരിക്കാന്‍ വിസമ്മതിച്ച ഹമാസ് 1990കളുടെ മധ്യത്തില്‍ ഇസ്രയേലും പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനും ചര്‍ച്ച ചെയ്ത ഓസ്ലോ സമാധാന ഉടമ്പടികളെ ശക്തമായി എതിര്‍ക്കുകയും ചെയ്തു. ഇസ് എല്‍ ദീന്‍ അല്‍ ഖസ്സാം എന്ന സായുധ വിഭാഗമാണ് ഹമാസിനുള്ളത്.
ഇസ്രയേല്‍ അധിനിവേശത്തിനെരെയുള്ള ചെറുത്തുനില്‍പ്പ് എന്നാണ് ഹമാസിന്റെ സായുധ പ്രവര്‍ത്തനങ്ങളെ വിശേഷിപ്പിക്കുന്നത്. ഇസ്രായേല്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യൂറോപ്യന്‍ യൂണിയന്‍, കാനഡ, ഈജിപ്ത്, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ ഹമാസിനെ ഒരു ഭീകര സംഘടനയായി പ്രഖ്യാപിച്ചു. ഇറാന്‍, സിറിയ, ലെബനനിലെ ഷിയാ ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ ഹിസ്ബുള്ള എന്നിവ ഉള്‍പ്പെടുന്ന ഒരു പ്രാദേശിക സഖ്യത്തിന്റെ ഭാഗമാണ് ഹമാസ്, ഇവയെല്ലാം മിഡില്‍ ഈസ്റ്റിലെയും ഇസ്രായേലിലെയും യുഎസ് നയത്തെ വിശാലമായി എതിര്‍ക്കുന്നു. ഹമാസിന്റെ ശക്തികേന്ദ്രം ഗാസയിലാണെങ്കിലും, പലസ്തീന്റെ വിവിധ ഭാഗങ്ങളില്‍ ഹമാസിന് പിന്തുണക്കാരുണ്ട്.