കേരളം
നാൽപതുകാരി ഞെട്ടി! 25 വർഷമായി ശ്വാസനാളിയിൽ വിസിൽ; അമ്പരന്ന് ഡോക്ടർമാര്‍, പുറത്തെടുത്തു
കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ, പതിനഞ്ചാം വയസ്സിൽ അറിയാതെ വിഴുങ്ങിയ വിസിൽ 25 വർഷമായി ശ്വാസനാളിയിൽ കുടുങ്ങിക്കിടക്കുന്നുവെന്നറിഞ്ഞ നാൽപതുകാരി ഞെട്ടി! ഡോക്ടർമാരും അമ്പരന്നു. വർഷങ്ങളായി ബുദ്ധിമുട്ടിക്കുന്ന ചുമയ്ക്കു പരിഹാരം തേടിയാണു മട്ടന്നൂർ സ്വദേശിനിയായ വീട്ടമ്മ കഴിഞ്ഞദിവസം തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ ശ്വാസകോശ വിഭാഗത്തിലെ ഡോ.ജാഫർ ബഷീറിനെ കണ്ടത്.
എക്സ്‍റേ പരിശോധിച്ചപ്പോൾ ശ്വാസനാളിയിൽ കറുത്ത അടയാളം കണ്ടെത്തി. തുടർന്നു നടത്തിയ സ്കാനിങ്ങിലാണു ശ്വാസനാളിയിൽ എന്തോ കുടുങ്ങിയിട്ടുണ്ടെന്നു മനസ്സിലായത്. ഏറെ ആലോചിച്ച ശേഷമാണ് 15ാം വയസ്സിൽ വിഴുങ്ങിപ്പോയ വിസിലിന്റെ കാര്യം വീട്ടമ്മ ഓർത്തെടുത്തത്. കളിയാട്ടം കാണാൻ പോയപ്പോൾ വാങ്ങിയ ബലൂണിൽ ഘടിപ്പിച്ചിരുന്ന വിസിൽ അറിയാതെ വിഴുങ്ങുകയായിരുന്നു. ആ സമയത്തു വെള്ളവും ചോറും കഴിച്ചപ്പോൾ വിസിൽ പോയതായി കരുതി.
വിഡിയോ ബ്രോങ്കോസ്കോപിക് എന്ന ഉപകരണം കൊണ്ടു മാത്രമേ ഇതു പുറത്തെടുക്കാൻ സാധിക്കുകയുള്ളൂ. ഇതു മനസ്സിലാക്കി ഡോ.ജാഫർ പരിയാരം ഗവ. മെഡിക്കൽ കോളജ് ശ്വാസകോശ വിഭാഗത്തിലെ ഡോ.രാജീവ് റാമിനെ ബന്ധപ്പെട്ടു. ഇന്നലെ വീട്ടമ്മയെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. ഡോ.ജാഫർ ബഷീർ, ഡോ.രാജീവ് റാം, ഡോ.ഡി.കെ.മനോജ്, ഡോ.കെ.വി.പത്മനാഭൻ എന്നിവരുടെ നേതൃത്വത്തിൽ പരിയാരത്തെ അത്യാഹിത വിഭാഗത്തിന്റെ സഹായത്തോടെ വീട്ടമ്മയുടെ ശ്വാസനാളിയിൽ നിന്നു പ്ലാസ്റ്റിക് വിസിലിന്റെ ഭാഗം പുറത്തെടുക്കുകയായിരുന്നു.
ചെറിയ കുട്ടികൾ ആണെങ്കിൽ കമിഴ്ത്തി കിടത്തി ഒരു കൈ നെഞ്ചോടു ചേർത്തു പിടിച്ചു മറുകൈ കൊണ്ടു ശക്തിയായി തട്ടി പ്രഥമ ശുശ്രൂഷ നൽകിയാൽ കുടുങ്ങിയ വസ്തു തെറിച്ചു പോയേക്കാം. മുതിർന്നവരിൽ പിൻഭാഗത്തു നിന്നു നെഞ്ചിന്റെയും വയറിന്റെയും ഇടയിലുള്ള സ്ഥലത്തു ശക്തമായി പിടിച്ചു വലിക്കുന്ന ഹെംലിറ്റ്സ് മെനുവർ എന്ന പ്രഥമ ശുശ്രൂഷ നൽകിയാലും ജീവൻ രക്ഷപ്പെടുത്താൻ സാധിച്ചേക്കാം.