ദേശീയം
37.16 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ച് വാട്ട്സ്ആപ്പ്
ഇന്ത്യയിൽ 37.16 ലക്ഷം വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചതായി റിപ്പോർട്ട്. ഒക്ടോബർ മാസത്തെക്കാൾ കൂടുതൽ പരാതികൾ നവംബറിൽ ഉപയോക്താക്കളിൽ നിന്ന് വാട്ട്സാപ്പിന് ലഭിച്ചിരുന്നു. നവംബറിൽ ഉപയോക്താക്കളിൽ നിന്ന് 946 പരാതികളാണ് ലഭിച്ചത്.
അതിൽ 830 എണ്ണം അക്കൗണ്ടുകൾ നിരോധിക്കുന്നതിനുള്ള അപ്പീലിൽ ഉൾപ്പെടുന്നവയാണ്. അതിൽ 73 അക്കൗണ്ടുകൾക്കെതിരെ മാത്രമാണ് നടപടിയെടുത്തത്. രാജ്യത്ത് നിരോധിച്ച വാട്ട്സാപ്പ് അക്കൗണ്ടുകളിൽ 9.9 ലക്ഷം അക്കൗണ്ടുകളും ഉപയോക്താക്കൾ ഫ്ലാഗ് ചെയ്യുന്നതിന് മുമ്പ് തന്നെ തടഞ്ഞതാണ്. മുൻപ് നിരോധിച്ച അക്കൗണ്ടുകളെക്കാൾ 60 ശതമാനം കൂടുതലാണ് ഇക്കുറി.
ഒക്ടോബറിൽ രാജ്യത്ത് 23.24 ലക്ഷം അക്കൗണ്ടുകൾ വാട്ട്സാപ്പ് നിരോധിച്ചിരുന്നു. ഇതിൽ 8.11 ലക്ഷം അക്കൗണ്ടുകൾ സജീവമായി നിരോധിച്ചതാണ്. ഈ വർഷം നവംബർ ഒന്നിനും നവംബർ 30നും ഇടയിൽ, 3,716,000 വാട്ട്സാപ്പ് അക്കൗണ്ടുകൾ നിരോധിച്ചു. +91 ൽ തുടങ്ങുന്നത് നോക്കിയാണ് ഇന്ത്യൻ അക്കൗണ്ടുകളെ കണ്ടെത്തുന്നത്. ഇൻഫർമേഷൻ ടെക്നോളജി റൂൾസ് 2021 പ്രകാരം പ്രസിദ്ധീകരിച്ച പ്രതിമാസ റിപ്പോർട്ടിലാണ് നവംബറിലെ നിരോധനത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.