കേരളം
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
മേയ് നാലിന് കൊല്ലം, പത്തനംതിട്ട ജില്ലകളിലും മേയ് അഞ്ചിന് വയനാട്ടിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മേയ് ആറിന് വയനാട്, പത്തനംതിട്ട ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 എംഎം മുതല്‍ 115.5 എംഎം വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തെക്ക്- കിഴക്ക് അറബിക്കടലിനോട് ചേര്‍ന്നുള്ള കേരള-കര്‍ണാടക തീരങ്ങളില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
അടുത്ത 24 മണിക്കൂറില്‍ തീരങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റും മോശം കാലാവസ്ഥയുമാണ് പ്രവചിക്കുന്നത്. ഇക്കാരണത്താല്‍ കേരള, കര്‍ണാടക തീരങ്ങളില്‍ മല്‍ത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.