കേരളം
കാലവർഷം കനക്കും: സംസ്ഥാനത്ത് ശരാശരിക്കും മുകളിൽ മഴക്ക് സാധ്യത
കേരളത്തിൽ ഇത്തവണ മെച്ചപ്പെട്ട കാലവർഷമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. മൺസൂണിൽ സംസ്ഥാനത്ത് ശരാശരിക്കും മുകളിൽ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം വടക്കൻ കേരളത്തിൽ മഴ കുറയും. തെക്കൻ കേരളത്തിൽ കൂടുതൽ മഴ കിട്ടിയേക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ പ്രാഥമിക മൺസൂൺ പ്രവചനം വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് വരും ദിവസങ്ങളിളും മഴ തുടരുമെന്നും ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിലും മഴ തുടരും.വെള്ളിയാഴ്ച 30 മുതല്‍ 40 കി.മീ വരെ വേഗത്തില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കി. മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും നാളെ ആലപ്പുഴ, എറണാകുളം, വയനാട് ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്.കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.