കേരളം
മാനന്തവാടിയെ വിറപ്പിച്ച് കാട്ടുകൊമ്പന്‍ ; മയക്കുവെടി വയ്ക്കാന്‍ തീരുമാനം
മാനന്തവാടി നഗരത്തിൽ ഭീതി പരത്തി കാട്ടാനയിറങ്ങിയിട്ട് എട്ട് മണിക്കൂർ പിന്നിടുന്നു. ആന ഇപ്പോൾ തുറസ്സായ സ്ഥലത്താണ് നിലയുറപ്പിച്ചിരിക്കുന്നത്. വാഴത്തോട്ടത്തിനടുത്തേക്ക് ആന എത്തിയിട്ടുണ്ട്. ആനയെ പൂട്ടാൻ കുങ്കിയാനകളായ വിക്രമും സൂര്യയും എത്തിയിട്ടുണ്ട്. റേഡിയോ കോളർ ഘടിപ്പിച്ച ഒറ്റയാനാണ് ഇന്ന് രാവിലെ മാനന്തവാടി ടൗണിലിറങ്ങിയത്. നഗരത്തിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടുമെന്ന് വനംവകുപ്പ് അറിയിച്ചു.
അതിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. ആർആർടി സംഘവും വെറ്ററനറി ടീമും തയ്യാറായിക്കഴിഞ്ഞു. വനംവകുപ്പിന്റെ നിർണായക ദൗത്യങ്ങളിലെല്ലാം പ്രധാന പങ്കുവഹിച്ച കുങ്കിയാനകളാണ് വിക്രമും സൂര്യയും. 20 വയസിന് താഴെ പ്രായമുള്ള കൊമ്പന്‍ കര്‍ണാടക വനമേഖലയില്‍നിന്നുമാണ് വയനാട്ടിലെത്തിയത്. ഹാസൻ ഡിവിഷന് കീഴില്‍ ഇക്കഴിഞ്ഞ ജനുവരി 16ന് മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് കാട്ടില്‍ വിട്ടിരുന്നതാണ്.
പതിവായി കാപ്പിത്തോട്ടങ്ങളിലിറങ്ങി ഭീതി പരത്തിയിരുന്ന കാട്ടാന ഇതുവരെയും ആരെയും ഉപദ്രവിച്ചതായി വിവരമില്ല. ആളുകളെ ഉപദ്രവിച്ചതായി വിവരമില്ലെങ്കിലും ഹാസന്‍ ഡിവിഷനിലെ ജനവാസ മേഖലയില്‍ പതിവായി എത്തി ഭീതിപരത്തിയിരുന്നു. മറ്റൊരു കൊമ്പന്‍ ആനയുടെയും മോഴയാനയുടെയും ഒപ്പമായിരുന്നു ഇപ്പോള്‍ വയനാട്ടിലെത്തിയ ഈ കൊമ്പന്‍ ഹാസനിലെ കാപ്പിത്തോട്ടത്തില്‍ വിഹരിച്ചിരുന്നത്.