കേരളം
വയനാട് ദുരന്തം: മരണസംഖ്യ ഉയർന്നേക്കും; ബെയ്ലി പാലത്തിന് സമാന്തരമായി നടപ്പാലം
വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ രക്ഷാദൗത്യം ഇന്നും തുടരും. മരണസംഖ്യ ഉയർന്നേക്കും. 282 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 195 പേർ ചികിത്സയിലാണ്. ഇരുന്നൂറിലധികംപേരെ കാണാതായി. മുണ്ടക്കൈയിൽ നിന്നും ചാലിയാറിൽ നിന്നുമായി ഇന്ന് ഇതുവരെ കണ്ടെത്തിയത് 98 മൃതദേഹങ്ങളാണ്. അതേസമയം ബെയ്ലിന് പാലത്തിന്റെ നിർമ്മാണം ഇന്ന് പൂർത്തിയാക്കും. ഇതോടെ രക്ഷാപ്രവർത്തനം കൂടുതൽ ദ്രുതഗതിയിലാകും.
ബെയ്ലി പാലത്തിന് സമാന്തരമായി നടപ്പാല നിർമ്മാണവും നടക്കുന്നുണ്ട്. നേരത്തെ സൈന്യം തയ്യാറാക്കിയ താൽക്കാലിക പാലം ഇന്ന് മലവെള്ളപ്പാച്ചിലിൽ മുങ്ങിയിരുന്നു. അതുകൊണ്ടാണ് രക്ഷാപ്രവർത്തകർ അടക്കമുള്ളവർക്ക് നടന്നു പോകാൻ കഴിയുന്ന ചെറിയ പാലം നിർമ്മിച്ചത്. സൈന്യത്തിന്റെ നേതൃത്വത്തിൽ ഇന്നലെ രാത്രിയാണ് നിർമ്മാണം നടത്തിയത്. 190 അടി നീളമുള്ള ബെയ്ലി പാലം ഇന്ന് വൈകിട്ടോടെ നിർമ്മാണം പൂർത്തിയാകും. ഇതുവരെ 1600 ഓളം പേരെയാണ് രക്ഷപ്പെടുത്താൻ കഴിഞ്ഞത്.
മണ്ണിനടിയിലെ മനുഷ്യ സാന്നിധ്യം കണ്ടെത്താൻ 3 സ്സിഫർ ഡോഗുകളും ദൗത്യ സംഘത്തിനൊപ്പമുണ്ട്. 82 ദുരിതാശ്വാസ ക്യാമ്പുകളാണ് വയനാട് ആകെ തുറന്നത്. 8000 അധികം പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. ഇന്നലെ രാത്രി ഒരു മണ്ണുമാന്തിയന്ത്രം കൂടി മുണ്ടക്കൈയിൽ എത്തിച്ചു. ഇതുവരെ എത്തിക്കാനായത് നാല് യന്ത്രങ്ങൾ. ഇന്ന് കൂടുതൽ മണ്ണ് മാന്തിന്ത്രങ്ങൾ സജ്ജമാക്കും.