കേരളം
ആധാറിലെ പഴയഫോട്ടോ മാറ്റണോ..? ചെയ്യേണ്ടത് ഇങ്ങനെ
തിരിച്ചറിയൽ രേഖയായ ആധാറിലെ ഫോട്ടോ കണ്ടാൽ അമ്മയ്ക്ക് പോലും തിരിച്ചറിയാൻ പറ്റില്ലെന്ന് നമ്മൾ തമാശ പറയാറുണ്ട്. പലരുടെയും ആധാർ കാർഡിലെ ഫോട്ടോ കൃത്യതയുള്ളതല്ല. ചിലരുടേത് വർഷങ്ങൾക്ക് മുൻപ് എടുത്ത ഫോട്ടോയായിരിക്കും.
യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നൽകുന്ന 12 അക്ക നമ്പറുള്ള ആധാർ കാർഡിൽ ഐറിസ് സ്കാൻ, വിരലടയാളം തുടങ്ങിയ ബയോമെട്രിക് വിശദാംശങ്ങളും ഒപ്പം വ്യക്തിയുടെ ഫോട്ടോയും കൃത്യമായ ഇടവേളകളിൽ പുതുക്കേണ്ടതാണ്. എങ്ങനെയാണ് ആധാർ കാർഡിലെ ഫോട്ടോ പുതുക്കേണ്ടത് എന്നറിയാമോ..? കുറച്ച് ലളിതമായ ഘട്ടങ്ങള്‍ പാലിച്ചുകൊണ്ട് നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ ഫോട്ടോ എളുപ്പത്തില്‍ അപ്‌ഡേറ്റ് ചെയ്യാം.
ചെയ്യേണ്ടത് ഇത്രമാത്രം
യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
പോര്‍ട്ടലില്‍ നിന്ന് ആധാര്‍ എന്റോള്‍മെന്റ് ഫോം ഡൗണ്‍ലോഡ് ചെയ്യുക.
ഫോമില്‍ ആവശ്യമായ വിശദാംശങ്ങള്‍ നല്‍കുക. നിങ്ങള്‍ മുഴുവന്‍ ഫോമും പൂരിപ്പിക്കേണ്ടതില്ല. ഫോട്ടോ മാറ്റുന്നതിന് ആവശ്യമായ പ്രസക്ത ഭാഗങ്ങള്‍ മാത്രം പൂരിപ്പിക്കുക.
നിങ്ങള്‍ക്ക് അടുത്തുള്ള ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രത്തില്‍ ഫോം സമര്‍പ്പിക്കാം.
ബയോമെട്രിക് പരിശോധനയിലൂടെ എക്‌സിക്യൂട്ടീവ് നിങ്ങളുടെ വിശദാംശങ്ങള്‍ സ്ഥിരീകരിക്കും.
ആധാര്‍ എന്റോള്‍മെന്റ് സെന്ററില്‍/ ആധാര്‍ സേവാ കേന്ദ്രത്തില്‍ വെച്ച് എക്‌സിക്യൂട്ടീവ് നിങ്ങളുടെ പുതിയ ഫോട്ടോ എടുക്കും.
ഫോട്ടോ മാറ്റുന്ന സേവനത്തിന് നിങ്ങള്‍ 25 രൂപ + ജിഎസ്ടി ഫീസ് അടയ്ക്കേണ്ടി വരും.
അപ്ഡേറ്റ് അഭ്യര്‍ത്ഥന നമ്പര്‍ (URN) ഉള്ള ഒരു അംഗീകാര സ്ലിപ്പും നിങ്ങള്‍ക്ക് ലഭിക്കും.
യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ സ്റ്റാറ്റസ് പരിശോധിക്കാന്‍ യുആര്‍എന്‍ ഉപയോഗിക്കുക.