കേരളം
ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമം: ‘നിയമം ശക്തമാക്കും, ഓർഡിനൻസ് ഇറക്കുമെന്ന് മന്ത്രി വീണാജോർജ്ജ്
ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമത്തിനെതിരെ നിയമം ശക്തമാക്കുമെന്നും അതിക്രമം തടയാൻ ഓർഡിനൻസ് ഇറക്കുമെന്നും മന്ത്രി വീണാജോർജ്ജ്. ഡോക്ടർ വന്ദനദാസിൻ്റെ മരണത്തിൽ ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നു. വളരെ ദാരുണമായിട്ടുള്ള, നിർഭാഗ്യകരമായ സംഭവമാണ്. വളരെ വേദനിപ്പിക്കുന്ന രീതിയിലാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഡോക്ടറുടെ കൊലപാതകത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
പൊലീസുകാരനും തലക്ക് കുത്തേറ്റിട്ടുണ്ട്. പെൺകുട്ടിയുടെ ജീവൻ രക്ഷിക്കുന്നതിനുള്ള പരമാവധി ശ്രമം ഡോക്ടർമാർ നടത്തിയിരുന്നു. ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. രാവിലെ അഞ്ചിനാണ് പ്രതിയെ പരിശോധനക്കെത്തിച്ചത്. സുരക്ഷാ ക്രമീകരണങ്ങൾ ഉള്ളയിടത്താണ് പ്രതി അക്രമസാക്തനായത്. പൊലീസ് എയ്ഡ് പോസ്റ്റ് ഉള്ള സ്ഥലത്തായിരുന്നു ആക്രമണം. ആക്രമണങ്ങൾ ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കും. ആക്രമണങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയാത്തതാണ്. ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള ഇത്തരം ആക്രമണങ്ങൾ ഉണ്ടാവരുതെന്ന് പൊതുസമൂഹത്തോട് അഭ്യർത്ഥിക്കുകയാണ്. എല്ലാവരും ഇതിനെതിരെ പ്രതിരോധം തീർക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് യുവാവ് കുത്തിപ്പരിക്കേൽപ്പിച്ച വനിതാ ഡോക്ടർ മരിച്ചത്. കൊട്ടാക്കര താലൂക്ക് ആശുപത്രിയിലെ ഹൌസ് സർജൻ വന്ദന ദാസാണ് (23) തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ എത്തിച്ച പ്രതിയാണ് ഡോക്ടറെ കുത്തിക്കൊന്നത്. സർജിക്കൽ ഉപകരണങ്ങളുപയോഗിച്ചുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ പുലർച്ചെ തിരുവനന്തപുരത്തേക്ക് എത്തിച്ചതെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡോക്ടർക്ക് അഞ്ചിലേറെ തവണ കുത്തേറ്റു. നെഞ്ചിലേറ്റ കുത്ത് ശ്വാസകോശത്തിലേക്കും കയറി. നട്ടെല്ലിന് കുത്തേറ്റു.