കേരളം
ചെക്ക് പോസ്റ്റ് കടക്കാൻ കൈക്കൂലി കോഴികൾ; പാറശാലയിൽ മിന്നൽ പരിശോധന
പാറശാല മൃഗ സംരക്ഷണ വകുപ്പിന്റെ ചെക്ക് പോസ്റ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. മൃഗങ്ങളേയും കോഴിയടക്കമുള്ളവയേയും പരിശോധിക്കാതെ കടത്തി വിടുന്നതായി വിവരം ലഭിച്ചതിന് പിന്നാലെയായിരുന്നു മിന്നൽ പരിശോധന. ഉദ്യോഗസ്ഥർ കൈക്കൂലിയായി വാങ്ങിയ കോഴികളേയും പണവും കണ്ടെടുത്തു.
മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടറിൽ നിന്നു 5700 രൂപ പിടികൂടി. കാർഡ്ബോർഡ് പെട്ടികളിൽ ആക്കി കാറിനുള്ളലും ഓഫീസ് മുറിയിലും സൂക്ഷിച്ചിരുന്ന ഇറച്ചി കോഴികളേയും വിജിലൻസ് സംഘം കണ്ടെടുത്തു. പരിശോധന കൂടാതെ വാഹനങ്ങൾ കടത്തി വിടാനാണ് ഉദ്യോഗസ്ഥർ കൈക്കൂലിയായി കോഴികളെ സ്വീകരിക്കുന്നത്. ഇതിനൊപ്പം പണവും വാങ്ങുന്നു.
ഇതര സംസ്ഥാനങ്ങളിൽ നിന്നു കേരളത്തിലേക്ക് ഇറച്ചിക്കായി കൊണ്ടു വരുന്ന കോഴികൾക്കും മൃഗങ്ങൾക്കും അസുഖങ്ങളൊന്നും ഇല്ലെന്നതടക്കം പരിശോധിച്ച് റിപ്പോർട്ട് നൽകേണ്ടത് അതിർത്തി ചെക്ക് പോസ്റ്റുകളിലെ ഉദ്യോഗസ്ഥരാണ്. എന്നാൽ ഇത് പലപ്പോഴും കൃത്യമായി നടക്കാറില്ല. പരാതികൾ വ്യാപകമായതോടെയാണ് വിജിലൻസിന്റെ മിന്നൽ പരിശോധന.