കേരളം
കൊച്ചി നഗരത്തിലെ വെള്ളക്കെട്ട്; ഓടയിലേക്ക് മാലിന്യം തള്ളുന്ന ഹോട്ടലുകൾക്കെതിരെ കർശനനടപടി വേണം; ഹൈക്കോടതി
കൊച്ചി നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തിൽ ഇടപെട്ട് ഹൈക്കോടതി. മാലിന്യം ഓടയിലേക്ക് ഒഴുക്കുന്ന ഹോട്ടലുകൾക്കെതിരെ കർശന നടപടി വേണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. കനാലുകൾ എത്രയും പെട്ടെന്ന് വൃത്തിയാക്കാൻ റെയിൽവേക്ക് കോടതി നിർദ്ദേശം നൽകി. അത് ചെയ്യാം ഇത് ചെയ്യാം എന്ന് പറയുന്നതേയുള്ളൂ എന്നും ഒന്നും ചെയ്യുന്നില്ലെന്നും കോടതി റെയിൽവേയെ കുറ്റപ്പെടുത്തി.
കൾവെർട്ടുകൾ എന്തുകൊണ്ട് വൃത്തിയാക്കുന്നില്ലെന്ന് ചോദിച്ച കോടതി ഇതുപോലെ പോയാൽ അടുത്ത മഴയിൽ നഗരം വെള്ളത്തിലാകുമെന്ന് മുന്നറിയിപ്പ് നൽകി. എം.ജി.റോഡിൽ മാധവ ഫാർമസി ജംഗ്ഷൻ മുതൽ ഡിസിസി ജംഗ്ഷൻ വരെയുള്ള കാനകൾ വൃത്തിയാക്കാൻ കോർപ്പറേഷനും പിഡബ്ല്യുഡിക്കും കോടതി നിർദേശം നൽകി. കലുങ്കുകൾ എത്രയും വേഗം വൃത്തിയാക്കണമെന്നും കലുങ്കുകളുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ എപ്പോൾ ആരംഭിക്കുമെന്ന് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.