ദേശീയം
വാഹനങ്ങളുടെ പൊളിക്കൽ നയം ; പഴയ വാഹനം പൊളിച്ച ശേഷം പുതിയ വാഹനത്തിന് 25 % നികുതി ഇളവ്
സ്‌ക്രാപേജ് പോളിസി രാജ്യത്ത് നടപ്പാക്കുന്നത് പരിഗണിച്ച് പുതിയ വാഹനങ്ങള്‍ക്ക് നികുതിയില്‍ കാര്യമായ ഇളവ് വരുത്തുന്നതില്‍ സര്‍ക്കാര്‍ നീക്കമിടുന്നതായി സൂചന. പഴയ വാഹനങ്ങള്‍ പൊളിക്കാന്‍ നല്‍കിയ ശേഷം പുതുതായി വാങ്ങുന്ന വാഹനങ്ങള്‍ക്ക് 25 ശതമാനം വരെ നികുതി ഇളവ് നല്‍കാനാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്.
ഒക്ടോബര്‍ ഒന്ന് മുതല്‍ സ്‌ക്രാപേജ് പോളിസി പ്രാബല്യത്തില്‍ വരുത്തിയേക്കുമെന്നാണ് സൂചനകള്‍.ഗതാഗത വകുപ്പിന്റെ നിര്‍ദേശം അനുസരിച്ച് വെഹിക്കിള്‍ സ്‌ക്രാപ്പിങ്ങ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന സ്വകാര്യ വാഹനങ്ങള്‍ക്ക് 25 ശതമാനവും വാണിജ്യ വാഹനങ്ങള്‍ക്ക് 15 ശതമാനവും നികുതി ഇളവ് നല്‍കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
ഇത് സംബന്ധിച്ച അന്തിമ തീരുമാനം സ്വീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്.അന്തരീക്ഷ മലിനീകരണം ഘട്ടം ഘട്ടമായി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് വെഹിക്കിള്‍ സ്‌ക്രാപ്പിങ്ങ് നയം പ്രഖ്യാപിച്ചിട്ടുള്ളതെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചിരുന്നു. ഇപ്പോള്‍ നിര്‍ദേശിച്ചിട്ടുള്ള നികുതി ഇളവിന് പുറമെ, കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ പൊളിക്കാന്‍ നല്‍കുന്നവര്‍ക്ക് പുതിയ വാഹനത്തിന്റെ വിലയില്‍ അഞ്ച് ശതമാനം ഇളവ് നല്‍കുമെന്നും മന്ത്രി മുൻപ് പ്രഖ്യാപിച്ചിരുന്നു.
ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള വാഹന പൊളിക്കല്‍ നയം അനുസരിച്ച് 20 വര്‍ഷത്തില്‍ അധികം പഴക്കമുള്ള സ്വകാര്യ വാഹനങ്ങളും 15 വര്‍ഷത്തിലധികം പഴക്കമുള്ള വാണിജ്യ വാഹനങ്ങളുമാണ് പൊളിക്കേണ്ടി വരിക. എന്നാല്‍, ഇത് പ്രബല്യത്തില്‍ വരുത്തുന്നതിന് മുന്നോടിയായി ഓട്ടോമേറ്റഡ് ടെസ്റ്റിങ്ങ് സംവിധാനത്തില്‍ വാഹനത്തിന്റെ ഫിറ്റ്നെസ് പരിശോധിച്ച ശേഷമായിരിക്കും പൊളിക്കുന്ന കാര്യം തീരുമാനിക്കുക.