കേരളം
ധനമന്ത്രി പരാജയമെന്ന് വിഡി സതീശൻ, കണക്കും രാഷ്ട്രീയവും പറഞ്ഞ് മന്ത്രിയുടെ മറുപടി; അടിയന്തിര പ്രമേയം തള്ളി
സംസ്ഥാനത്തെ ധനപ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയം പരാജയപ്പെട്ടു. ചര്‍ച്ചയ്ക്ക് ഒടുവിൽ ഭൂരിപക്ഷ പിന്തുണയോടെ പ്രമേയം തള്ളി. സര്‍ക്കാരിന്റെ മറുപടി തൃപ്തികരമല്ലെന്ന് പറഞ്ഞ് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. വിഡി സതീശൻ ധനമന്ത്രിയെ പരാജയമെന്ന് കുറ്റപ്പെടുത്തിയപ്പോൾ കണക്കും രാഷ്ട്രീയവും പറഞ്ഞ് കേന്ദ്ര സര്‍ക്കാരിനെയും പ്രതിപക്ഷത്തെയും ഒരേപോലെ വിമര്‍ശിച്ചാണ് മന്ത്രി തിരിച്ചടിച്ചത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പറഞ്ഞ കണക്കുകൾ തെറ്റാണെന്ന് മന്ത്രി എംബി രാജേഷും പ്രതികരിച്ചു.
2 മണിക്കൂറും 35 മിനിറ്റുമാണ് അടിയന്തിര പ്രമേയം നീണ്ടത്. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സംസ്ഥാന സര്‍ക്കാരാണെന്നായിരുന്നു പ്രതിപക്ഷത്ത് നിന്നുള്ള അഞ്ച് നേതാക്കൾ കുറ്റപ്പെടുത്തിയത്. കണക്കിൽ അവ്യക്തതയടക്കം ചൂണ്ടിയാണ് പ്രതിപക്ഷം വിമര്‍ശിച്ചത്. എന്നാൽ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടാണ് കേളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു ധനമന്ത്രി മറുപടിയിൽ വിമര്‍ശിച്ചത്. കേന്ദ്രത്തിനെതിരായ ദില്ലിയിലെ സമരത്തിന് പ്രതിപക്ഷവും വരണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടെങ്കിലും മന്ത്രിയുടെ പ്രതികരണം ക്രിയാത്മക മറുപടിയില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വിമര്‍ശനം. ലൈഫ് മിഷന് ഈ വര്‍ഷം വീടുണ്ടാക്കാൻ 16 കോടി മാത്രമാണ് സര്‍ക്കാര്‍ അനുവദിച്ചതെന്ന പ്രതിപക്ഷ നേതാവിന്റെ വാദം തെറ്റാണെന്നും 1600 കോടി രൂപ ചെലവാക്കിയിട്ടുണ്ടെന്നും മന്ത്രി എംബി രാജേഷ് വ്യക്തമാക്കി.