കേരളം
സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷം; പത്തു ജില്ലകളില്‍ കുത്തിവെയ്പ് മുടങ്ങും
സംസ്ഥാനത്ത് വാക്‌സിന്‍ പ്രതിസന്ധി രൂക്ഷമായി. കേരളത്തിലെ പത്തു ജില്ലകളില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ സ്‌റ്റോക്ക് തീര്‍ന്ന അവസ്ഥയിലാണ്. വാക്‌സിന്‍ ലഭ്യമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
മൂന്നാഴ്ചത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും വാക്‌സിന്‍ ക്ഷാമം അനുഭവപ്പെടുന്നത്. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ ഇന്നലെ തന്നെ തീര്‍ന്നിരുന്നു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, പാലക്കാട് ജില്ലകളിലായി പതിനായിരത്തില്‍ താഴെ ഡോസ് വാക്‌സിനാണ് ബാക്കിയുള്ളത്.
കോവാക്‌സിന്‍ ചില ജില്ലകളില്‍ സ്‌റ്റോക്കുണ്ട്. 25,000 ഓളം ഡോസാണ് സ്‌റ്റോക്കുള്ളത്. അധ്യാപക ദിനമായ നാളെയോടെ എല്ലാ അധ്യാപകര്‍ക്കും വാക്‌സിന്‍, ഈ മാസം 30 നകം 18 വയസ്സ് പൂര്‍ത്തിയായ എല്ലാവര്‍ക്കും ആദ്യ ഡോസ് എന്നീ സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യങ്ങള്‍ക്ക് വാക്‌സിന്‍ ക്ഷാമം തിരിച്ചടിയാണ്.