കേരളം
വാക്സിൻ വിതരണത്തിൽ കേരളം പതിനൊന്നാമത് എന്ന് റിപ്പോർട്ടുകൾ
വാക്സിൻ വിതരണത്തിൽ കേരളം പതിനൊന്നാമത് എന്ന് റിപ്പോർട്ട്. കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന വാക്സീന്‍ കാര്യക്ഷമമായി വിതരണം ചെയ്യുന്നുണ്ടെന്ന് സംസ്ഥാനം അവകാശപ്പെടുന്നുണ്ടെങ്കിലും, സ്പോട്ട് രജിസ്‌ട്രേഷന് ഊന്നല്‍ നല്‍കിയതോടെ വിതരണം താറുമാറായ സ്ഥിതിയിലാണ്. കോവിന്‍ പോര്‍ട്ടല്‍ വഴി മുന്‍കൂട്ടിയുള്ള രജിസ്‌ട്രേഷന്‍ ഭാഗികം മാത്രമേ നടക്കുന്നുള്ളൂ. സര്‍ക്കാര്‍ വിതരണകേന്ദ്രങ്ങളിലെത്തുന്ന വാക്സീനില്‍ ഭൂരിഭാഗവും തദ്ദേശസ്ഥാപന പ്രതിനിധികളും ആരോഗ്യ പ്രവര്‍ത്തകരും വീതംവെച്ചെടുക്കുകയാണ്.
എല്ലാ രാഷ്ട്രീയപ്പാര്‍ട്ടിപ്രതിനിധികളും ഇതിന്റെ പങ്കുപറ്റുന്നതിനാല്‍ ആരും പ്രതികരിക്കാന്‍ തയ്യാറല്ല. സമയക്രമമില്ലാതെ ആളുകള്‍ വിതരണ കേന്ദ്രങ്ങളില്‍ എത്തുന്നത് പലയിടത്തും ക്രമസമാധാന പ്രശ്നം സൃഷ്ടിക്കുന്നു. രണ്ടാം ഡോസിന് സമയമായെങ്കിലും യഥാസമയം വാക്സിന്‍ ലഭിക്കുന്നില്ലെന്ന പരാതികളാണ് ഏറെയും. ഇതുസംബന്ധിച്ച പോര്‍ട്ടലില്‍നിന്നുള്ള മെസേജുമായി വിതരണകേന്ദ്രങ്ങളില്‍ നേരിട്ടെത്തുന്നവരുടെ മുന്നില്‍ ആരോഗ്യ പ്രവര്‍ത്തകരും കൈമലര്‍ത്തുകയാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതലുള്ള സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ പൂര്‍ണമായും ബുക്കുചെയ്തുവെന്ന വിവരമാണ് തുടക്കത്തില്‍ത്തന്നെ കോവിന്‍ പോര്‍ട്ടലില്‍ ദൃശ്യമാവുന്നതെന്നും വിതരണകേന്ദ്രങ്ങളില്‍ നേരിട്ടെത്തുന്നവര്‍ പരാതിപ്പെടുന്നു.
കേരളം വാക്‌സീന്‍ ഡോസുകള്‍ പഴാക്കുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ആക്ഷേപം ഉന്നയിച്ചിരുന്നു. സംസ്ഥാനത്തിന് ആവശ്യമായ കോവിഡ് വാക്സീന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നില്ലെന്നും ഇതു വലിയ പ്രതിസന്ധിയാണെന്നും എം പിമാര്‍ പരാതിപ്പെട്ടപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. വിവിധ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കിയ വാക്സീന്റെ കണക്കുകളും മന്ത്രി എം പിമാര്‍ക്ക് കാണിച്ചു കൊടുത്തു. പത്തു ലക്ഷം ഡോസ് ഉപയോഗിച്ചതിനുശേഷം ആവശ്യപ്പെടുന്ന മുറയ്ക്ക് വാക്സീന്‍ നല്‍കാന്‍ തയ്യാറാണെന്ന് മന്ത്രി ഉറപ്പുനല്‍കിയതായും എം പിമാര്‍ പറഞ്ഞു.
ആരോഗ്യ സംവിധാനങ്ങള്‍ ഏറെ മെച്ചപ്പെട്ടതായിട്ടും കേരളത്തില്‍ രോഗവ്യാപനത്തിന് ശമനമില്ലാത്തതെന്താണെന്നും മന്ത്രി എം പിമാരോട് ആരാഞ്ഞിരുന്നു. വാക്സിന്‍ വിതരണത്തില്‍ സംസ്ഥാനം ദേശീയതലത്തില്‍ പതിനൊന്നാം സ്ഥാനത്താണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തെക്കാള്‍ ജനസംഖ്യയുള്ള സംസ്ഥാനങ്ങളാണ് മുന്നില്‍ അധികവും. ഉത്തര്‍പ്രദേശാണ് രാജ്യത്ത് ഏറ്റവും അധികം വിതരണം ചെയ്തത്. 3.61 കോടിയാളുകള്‍ക്ക് ആദ്യ ഡോസും 70 ലക്ഷം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 18-ന് മുകളില്‍ സ്‌കൂള്‍ അധ്യാപകരും കോളേജ് വിദ്യാര്‍ഥികളും അടക്കം അറുപതിലധികം വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കി ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും പോര്‍ട്ടലില്‍ ഇതിനുള്ള സൗകര്യമൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല.