കേരളം
സംസ്ഥാനത്ത് ഇന്നുമുതൽ മൂന്ന് ദിവസം വാക്സിനേഷൻ ഡ്രൈവ്; 60 വയസിന് മുകളിലുള്ള എല്ലാവർക്കും ആദ്യ ഡോസ് വാക്സിൻ
സംസ്ഥാനത്തെ വാക്സിൻ യജ്ഞം ശക്തിപ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണ ജോർജ്ജ്. ഓഗസ്റ്റ് 14, 15, 16 തീയതികളിൽ വാക്സിനേഷൻ ഡ്രൈവ് നടത്തും. വലുപ്പത്തിനനുസരിച്ച് 10 ജില്ലകൾ ഒരുദിവസം 40,000 ഡോസും മറ്റു നാലുജില്ലകൾ 25,000 ഡോസും നൽകണം എന്നാണ് നിർദേശം.
അതേ സമയം സംസ്ഥാനത്ത് ഏറ്റവുമധികം പേർക്ക് വാക്സിൻ നൽകിയ ദിനമായ ഇന്നലെ മാത്രം 5,35,074 പേർക്കാണ് വാക്‌സിൻ നൽകിയത്. അതിൽ 4,64,849 പേർക്ക് ഒന്നാം ഡോസ് വാക്‌സിനും 70,225 പേർക്ക് രണ്ടാം ഡോസ് വാക്‌സിനും നൽകി. ഇതിന് മുമ്പത്തെ ഏറ്റവും ഉയർന്ന പ്രതിദിന വാക്‌സിനേഷൻ 5.15 ലക്ഷമായിരുന്നു.
വീടുകൾക്കുള്ളിലെ കോവിഡ് വ്യാപനം നിയന്ത്രിക്കാനാവശ്യമായ ബോധവത്കരണപരിപാടികൾ ആരോഗ്യവകുപ്പ് സംഘടിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. കൺടെയ്ൻമെന്റ് സോണിൽ കോവിഡ് ഇല്ലാത്ത മുഴുവൻ പേർക്കും വാക്സിൻ നൽകും. എല്ലാവരെയും പരിശോധിക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകനയോഗം തീരുമാനിച്ചു.
60 വയസിന് മുകളിൽ പ്രായമായ എല്ലാവർക്കും 18 വയസിന് മുകളിൽ പ്രായമുള്ള കിടപ്പ് രോഗികൾക്കും ആഗസ്റ്റ് 15ന് മുമ്പ് ആദ്യ ഡോസ് വാക്സിൻ നൽകാനാണ് വാക്സിനേഷൻ യജ്ഞത്തിലൂടെ ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്. വാക്സിനേഷൻ യജ്ഞം ആരംഭിച്ച ശേഷം ഈ വിഭാഗത്തിലുള്ള 5.04 ലക്ഷത്തോളം പേർക്കാണ് ആദ്യ ഡോസ് വാക്സിൻ നൽകിയത്.