ദേശീയം
കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്; വ്യാജന്മാരെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്
കോവിഡ് മഹാമാരിക്കെതിരെ ആരംഭിച്ച വാക്‌സിനേഷൻ ദൗത്യം ഇപ്പോഴും തുടരുകയാണ്. ആദ്യ ഡോസ് ലഭിച്ചാൽ ഉടനെ പ്രൊവിഷണൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് നേടാനാകും. കൂടാതെ രണ്ട് ഡോസും സ്വീകരിച്ചതിന് ശേഷം ഒറിജിനൽ സർട്ടിഫിക്കറ്റ് ഡൗൺലോഡും ചെയ്യാം.
വാക്‌സിൻ എടുത്തവർ അത് തെളിയിക്കാനുള്ള സർട്ടിഫിക്കറ്റ് കയ്യിൽ കരുതേണ്ടത് ആവശ്യകതയായി വന്നേക്കാം. വൈറസ് ബാധയേൽക്കാൻ സാദ്ധ്യത കുറവുള്ള വ്യക്തി എന്നതിനൊപ്പം, ജില്ലാ, സംസ്ഥാനം, രാജ്യം വിട്ടുള്ള യാത്രകൾക്കും, വിവിധ സ്ഥാപനങ്ങളിൽ നേരിട്ട് ചെല്ലാനും, പൊതു പരിപാടികളിൽ പങ്കെടുക്കാനുമൊക്ക വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ആവശ്യമായി വന്നേക്കാൻ സാധ്യതയുണ്ട്.
അങ്ങനെയുള്ള സമയത്ത് വ്യാജനിൽ നിന്ന് അകന്നു നിൽക്കേണ്ടത് അത്യാവശ്യമാണ്. വ്യാജനെ എങ്ങനെ കണ്ടെത്തുമെന്ന് ആലോചിച്ചു തല പുകയ്ക്കണ്ട. ഒരു സ്മാർട്ട്ഫോണോ ലാപ്പ്ടോപ്പോ ഇന്റർനെറ്റ് കണക്ഷനും മാത്രമേ വേണ്ടതായി ഉള്ളൂ. https://verify.cowin.gov.in/ എന്ന വെബ്സൈറ്റ് തുറക്കുക. വെബ്‌സൈറ്റിലെ “സ്‌കാൻ ക്യുആർ കോഡ്” ക്ലിക്ക് ചെയ്യുക. ഡിവൈസിന്റെ ക്യാമറ ഓൺ ആക്കണം.
പരിശോധിക്കേണ്ട സർട്ടിഫിക്കറ്റിലെ ക്യൂആർ കോഡ് സ്കാൻ ചെയ്യുക. ഒറിജിനൽ സർട്ടിഫിക്കറ്റ് ആണെങ്കിൽ ‘സർട്ടിഫിക്കറ്റ് സക്സെസ്ഫുളി വെരിഫൈഡ്’ എന്ന് കാണിക്കുന്നതിനൊപ്പം പേര്, പ്രായം, ലിംഗഭേദം, റഫറൻസ് ഐഡി, വാക്‌സിനേഷൻ സ്വീകരിച്ച തീയതി എന്നി വിവരങ്ങളും പ്രത്യക്ഷപ്പെടും. വ്യാജനാണെങ്കിൽ ‘സർട്ടിഫിക്കറ്റ് ഇൻവാലിഡ്’ എന്നാവും കാണിക്കുന്നത്.