കേരളം
ഫാമിലി പെൻഷൻ നടപടികൾ ലഘൂകരിച്ചു
ഫാമിലി പെൻഷൻ അനുവദിക്കുന്നത് സംബന്ധിച്ച നിയമങ്ങളിൽ മാറ്റവുമായി കേന്ദ്രസർക്കാർ. ഇതുസംബന്ധിച്ച നിർദേശം ബാങ്കുകൾക്ക് പേഴ്സണൽ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് പെൻഷൻ ആൻഡ് പെൻഷനേഴ്സ് നൽകി. പെൻഷൻ വാങ്ങുന്നയാളുടെ മരണത്തിന് ശേഷം ബന്ധുക്കൾ പെൻഷൻ ലഭിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാവുന്നുവെന്നും ഇതിന്‍റെ നടപടികൾ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യമായി വരുന്നുവെന്നും പരാതിയുണ്ടായിരുന്നു.
ഇതിന് പിന്നാലെയാണ് നടപടികൾ കേന്ദ്രസർക്കാർ ലഘൂകരിച്ചിരിക്കുന്നത്. ഫാമിലി പെൻഷന് അപേക്ഷിക്കുന്ന സമയത്ത് നൽകേണ്ട രേഖകളെ സംബന്ധിച്ചും ഇതിനുള്ള നടപടികളും കേന്ദ്രസർക്കാർ ബാങ്കുകൾക്ക് നൽകിയ സർക്കുലറിൽ വിശദീകരിക്കുന്നുണ്ട്.
ഇതുപ്രകാരം നൽകേണ്ട രേഖകൾ:
പെൻഷനറും പങ്കാളിക്കും ബാങ്കിൽ ജോയിന്‍റ് അക്കൗണ്ടാണ് ഉള്ളതെങ്കിൽ സമർപ്പിക്കേണ്ട രേഖകൾ:
👉വെള്ള പേപ്പറിലെ അപേക്ഷ ഫോറം
👉പെൻഷനറുടെ മരണസർട്ടിഫിക്കറ്റ്
👉പെൻഷനർക്ക് നൽകിയ പി.പി.ഒ(പെൻഷൻ പേയ്മെന്റ് ഓർഡർ)യുടെ കോപ്പി(ലഭ്യമാണെങ്കിൽ)
👉അവകാശിയുടെ ജനനതീയതിയും പ്രായവും തെളിയിക്കുന്ന രേഖ
പെൻഷനർക്കും പങ്കാളിക്കും ജോയിന്‍റ് അക്കൗണ്ട് ഇല്ലെങ്കിൽ സമർപ്പിക്കേണ്ട രേഖകൾ:
👉രണ്ട് സാക്ഷികളുടെ ഒപ്പുള്ള ഫോം 14
👉പെൻഷനറുടെ മരണസർട്ടിഫിക്കറ്റ്
👉പെപൻഷനർക്ക് അനുവദിച്ച പി.പി.ഒ സർട്ടിഫിക്കറ്റിന്‍റെ കോപ്പി(ലഭ്യമാണെങ്കിൽ)
👉ജനനതീയതിയും വയസും തെളിയിക്കുന്ന രേഖ.
ഇതിൽ ഫോം 14 ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തേണ്ട ആവശ്യമില്ല. പെൻഷൻ അവകാശിയെ പി.പി.ഒയിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയാവും ബാങ്കുകൾ കണ്ടെത്തുക. പെൻഷനറുടേയും പങ്കാളിയുടേയും മരണശേഷം ഇതേ രീതിയിൽ തന്നെ മറ്റ് കുടുംബാംഗങ്ങൾക്കും പെൻഷൻ അനുവദിക്കും.
പി.പി.ഒയിൽ മറ്റ് കുടുംബാംഗങ്ങളുടെ പേരില്ലെങ്കിൽ അവസാനം പെൻഷൻ അനുവദിച്ച ഓഫീസുമായി ബന്ധപ്പെട്ട് ഇത് ചേർക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചു.