കേരളം
കിണർ വൃത്തിയാക്കുന്നതിനിടെ അപ്രതീക്ഷിത അപകടം; കിണറിൽ കുടുങ്ങി യോഹന്നാൻ, രക്ഷിക്കാൻ 5 മണിക്കൂറായി പരിശ്രമം
ചെങ്ങന്നൂരിനു സമീപം കിണർ വൃത്തിയാക്കുന്നതിനിടെ റിംഗുകള്‍ (തൊടികൾ) ഇടിഞ്ഞു വീണ് വയോധികനായ തൊഴിലാളി കുടുങ്ങി. വിവരം അറിഞ്ഞെത്തിയ നാട്ടുകാരും അഗ്നിശമന സേനയും യോഹന്നാനെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ അഞ്ച് മണിക്കൂറായി തുടരുകയാണ്. മന്ത്രി സജി ചെറിയാൻ അടക്കമുള്ളവരും സ്ഥലത്തെത്തിയിട്ടുണ്ട്. കോടുകുളഞ്ഞി പെരും കുഴി കൊച്ചു വീട്ടിൽ യോഹന്നാൻ (72 ) ആണ് കിണറിനുളളിൽ അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ ഒൻപതു മണിയോടെയാണു റിംഗുകൾ ഇടിഞ്ഞ് യോഹന്നാൻ കിണറിനുള്ളിൽ അകപ്പെട്ടത്.
മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി കോടുകുളഞ്ഞി ജംഗ്ഷനു സമീപമുള്ള സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണര്‍ വൃത്തിയാക്കാൻ ഇറങ്ങിയതായിരുന്നു. കിണറിനുള്ളിൽ വളർന്നു നിന്ന കാട്ടും പടപ്പും പറിച്ച് വൃത്തിയാക്കുന്നതിനിടെ കിണറിന്‍റെ സിമിന്‍റ് റിംഗുകൾ താഴേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. ശബ്ദം കേട്ട് വശങ്ങളിലേക്ക് ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും താഴേക്കു വീണ രണ്ടോളം റിംഗുകൾക്കടിയിൽ യോഹന്നാന്‍റെ കാലുകൾ കുടുങ്ങുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ സമീപ വാസികൾ ആദ്യം രക്ഷാപ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും വിജയിച്ചില്ല. തുടർന്ന് സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് ടീം ജെ സി ബി ഉപയോഗിച്ച് റിംഗുകൾ ഉയർത്തി ആളെ പുറത്തെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അഞ്ചു മണിക്കൂറായി ശ്രമം തുടരുകയാണ്. ചെങ്ങന്നൂർ, മാവേലിക്കര , ഹരിപ്പാട് എന്നിവടങ്ങളിൽ നിന്നുള്ള മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് ടീമുകളാണ് രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകുന്നത്. വെണ്മണി, ചെങ്ങന്നൂർ സ്റ്റേഷനുകളിൽനിന്നുളള പൊലിസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.