കേരളം
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ബാറില്‍ സൗജന്യമായി മദ്യ വിതരണം; വോട്ടർമാരെ സ്വാധീനിക്കാനെന്ന് യു ഡി എഫ് ആരോപണം
വോട്ടര്‍മാര്‍ക്ക് സൗജന്യ ടോക്കണ്‍ വഴി മദ്യം നല്‍കി സ്വാധീനിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ട് യു ഡി എഫ്. ചവറ നിയോജക മണ്ഡലത്തിലെ എല്‍ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് എതിരെയാണ് ആരോപണം. ഇടതു സ്ഥാനാര്‍ത്ഥി സുജിത് വിജയന്‍പിളളയുടെ ഉടമസ്ഥതയിലുളള ബാറുകളില്‍ നിന്നും മാത്രം ലഭ്യമാകുന്ന ടോക്കണുകളാണ് വോട്ടര്‍മാര്‍ക്കിടയില്‍ കറങ്ങുന്നതെന്നാണ് യു ഡി എഫ് നേതാക്കള്‍ പറയുന്നത് .
നിയന്ത്രണങ്ങളില്ലാതെ ടോക്കണുകള്‍ നല്‍കിയതോടെ കാര്യങ്ങള്‍ കൈവിടുകയായിരുന്നെന്ന് പറയുന്നു. അതിനിടെ ടോക്കണ്‍ വാങ്ങി മദ്യം നല്‍കുന്ന സ്ഥാനാര്‍ത്ഥിയുടെ ഉടമസ്ഥതയിലുളള ബാറിനകത്തെ ദൃശ്യങ്ങള്‍ ചില മാധ്യമങ്ങള്‍ പുറത്ത് വിട്ടത് സ്ഥാനാര്‍ത്ഥിയെയും പാര്‍ട്ടിയെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
സൗജന്യമായി ടോക്കണ്‍ വിതരണം ചെയ്യുന്നതും, ആ ടോക്കണ്‍ കൊടുത്ത് മദ്യം വാങ്ങുന്നതും, അബ്കാരി നിയമങ്ങള്‍ ലംഘിച്ചു കൊണ്ട് മദ്യം ആവശ്യക്കാര്‍ക്ക് സീല് പൊട്ടിച്ച കുപ്പികളില്‍ ഒഴിച്ചു കൊടുത്തു വിടുന്നതും, ബാറിന് പുറത്ത് വെച്ച് മദ്യം നള്‍കുന്നതും ദൃശ്യങ്ങളില്‍ കാണാം.വോട്ടെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെ രഹസ്യസ്വഭാവത്തില്‍ ചെയ്യേണ്ട തന്ത്രങ്ങള്‍ പുറം ലോകത്തെത്തിയതിന്റെ പിന്നില്‍ പാര്‍ട്ടിക്കകത്തെ വിമതരാണെന്നാണ് സൂചനകള്‍ .
മണ്ഡലത്തിലെ യുഡി എഫ് പ്രവര്‍ത്തകര്‍ നടത്തിയ ബൈക്ക് റാലിയും മറ്റും അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചതും പ്രവര്‍ത്തകരെ അക്രമിക്കാന്‍ ശ്രമിച്ചതും ഇത്തരത്തില്‍ മദ്യം കഴിച്ചവരാണെന്നും എതിര്‍ പക്ഷത്തുനിന്നും ആരോപണം ഉയര്‍ന്നിരുന്നു.ബാറിലെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ ഇക്കാര്യങ്ങളില്‍ വാസ്തവമുണ്ടെന്ന വിശ്വാസത്തിലാണ് നാട്ടുകാര്‍. സുജിത് വിജയന്‍ പിള്ളയുടെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിനുള്ളില്‍ തുടക്കം മുതല്‍ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു.
എന്തായാലും ടോക്കണ്‍ വിവാദം എല്‍ഡി എഫിനെ തിരഞ്ഞെടുപ്പില്‍ സാരമായി ബാധിക്കുമെന്നുറപ്പാണ്. മദ്യം നല്‍കി വോട്ടര്‍മാരെ ചതിച്ച് വീഴ്ത്തുന്ന പ്രവണത ജനങ്ങളോടുളള വഞ്ചനയാണെന്ന് യൂഡിഎഫ് ആരോപിച്ചു. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുഡി എഫ് സ്ഥാനാര്‍ത്ഥി ഷിബു ബേബി ജോണ്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.