കേരളം
കോളജിൽ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിങ്ങിന് ഇരയായ രണ്ട് ജൂനിയർ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു
മണ്ണാർക്കാട് എം ഇ എസ് കല്ലടി കോളജിൽ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിങ്ങിന് ഇരയായ രണ്ട് ജൂനിയർ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. സംഭവുമായി ബന്ധപ്പെട്ട് 11 സീനിയർ വിദ്യാർത്ഥികൾക്ക് സസ്പെൻഡ് ചെയ്തതായി കോളജ് അധികൃതര്‍ അറിയിച്ചു. പരാതി പൊലീസിന് കൈമാറുമെന്നും പ്രിൻസിപ്പൽ സി രാജേഷ് അറിയിച്ചു. എം ഇ എസ് കോളേജിലെ ബിരുദ വിദ്യാർത്ഥികളായ തെങ്കര മണലടി അനസ്, മുസ്തഫ എന്നിവർക്കാണ് റാഗിങ്ങില്‍ പരിക്കേറ്റത്.
ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ക്ലാസ് കഴിഞ്ഞതിന് ശേഷം കോളേജ് ഗേറ്റിന് മുൻവശം നിൽക്കുമ്പോൾ 15 ഓളം വരുന്ന സീനിയർ വിദ്യാർത്ഥികൾ അകാരണമായി മർദ്ദിക്കുകയായിരുന്നെന്ന് പരിക്കേറ്റവർ പറഞ്ഞു. ഇടിക്കട്ട, പട്ടിക, കല്ല് എന്നിവ ഉപയോഗിച്ചാണ് മർദ്ദിച്ചതെന്നും ഇവർ പറഞ്ഞു. ആക്രമണത്തിൽ മുസ്തഫയുടെ താടിയെല്ലിനും അനസിന്‍റെ തലയ്ക്കും പരിക്കേറ്റു.
ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥികൾ കോളേജ് പ്രിൻസിപ്പലിന് പരാതി നല്‍കിയിട്ടുണ്ട്. പരാതി പൊലീസിന് കൈമാറുമെന്ന് കോളേജ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് കോളേജ് കൗൺസിൽ ചേർന്നാണ് 11 സീനിയർ വിദ്യാർത്ഥികളെ ഉടൻ സസ്പെൻഡ് ചെയ്തത്.