കേരളം
കുട്ടികള്‍ക്ക് വാക്‌സിന്‍ മാറി കുത്തിവെച്ച സംഭവം; തിരുവനന്തപുരത്ത് രണ്ട് കുട്ടികൾ നിരീക്ഷണത്തിൽ
15-ാം വയസ്സിൽ എടുക്കേണ്ട പ്രതിരോധ കുത്തിവയ്പിനായി എത്തിയ 2 കുട്ടികൾക്ക് വാക്സിൻ മാറി കുത്തിവെച്ചു. കോവിഡ് വാക്സിനായ കോവിഷീൽഡാണ് കുട്ടികൾക്ക് നൽകിയത്. തിരുവനന്തപുരം ആര്യനാടുള്ള സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം. തെറ്റായി വാക്സിൻ കുത്തിവച്ചതിനെത്തുടർന്ന് ഇരുവരും ഉഴമലയ്ക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.
സുഹൃത്തുക്കളായ വിദ്യാർഥിനികൾ ഒന്നിച്ചാണ് വാക്സിൻ എടുക്കാൻ എത്തിയത്. 15 വയസ്സിലെ കുത്തിവയ്പ് എടുക്കാനായി ഒപി ടിക്കറ്റ് എടുത്തെങ്കിലും വിദ്യാർഥിനികൾ കോവിഡ് വാക്സിനേഷൻ നടക്കുന്ന സ്ഥലത്തേക്ക് അറിയാതെ എത്തുകയായിരുന്നു. കുട്ടികൾ വീട്ടിലെത്തി ഇക്കാര്യം പറഞ്ഞതിനെത്തുടർന്ന് രക്ഷിതാക്കൾ ആശുപത്രിയിലെത്തി കാര്യം തിരക്കുകയായിരുന്നു. പരിശോധനയിൽ ഇരുവർക്കും കോവിഡ് വാക്സിനാണ് കുത്തിവെച്ചതെന്ന് കണ്ടെത്തി.
നിലവിൽ 18 വയസ്സിന് മുകളിലുള്ളവർക്കാണ് കോവിഡ് വാക്സിൻ നൽകുന്നത്. കുട്ടികളെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഇവർക്ക് മറ്റു ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്നുമാണ് വിവരം.