രാജ്യാന്തരം
ട്വന്റി20 ലോകകപ്പ്; കിരീടം ഇന്ത്യക്ക്
ട്വന്റി20 ലോകകപ്പിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി, ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ടീം അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക അവസാനം വരെ പൊരുതിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി അർദ്ധ സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയും ഉറച്ച പിന്തുണ നൽകിയ അക്ഷർ പട്ടേലും ശിവം ദുബെയുമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 59 പന്തുകൾ നേരിട്ട കോലി 76 റൺസെടുത്തു പുറത്തായി.
ക്യാപ്റ്റൻ രോഹിത് ശർമയും (അഞ്ച് പന്തിൽ ഒൻപത്) ഋഷഭ് പന്തും, സൂര്യകുമാർ യാദവും (അഞ്ച് പന്തിൽ മൂന്ന്) പവർപ്ലേ അവസാനിക്കും മുൻപേ പുറത്തായിരുന്നു. മാർകോ ജാൻസന്റെ രണ്ടും മൂന്നും പന്തുകൾ ബൗണ്ടറി കടത്തിയാണ് കോലി തുടങ്ങിയത്. ആദ്യ ഓവറിൽ ഇന്ത്യ നേടിയത് 15 റൺസ്. രണ്ടാം ഓവറില്‍ ദക്ഷിണാഫ്രിക്ക സ്പിന്നര്‍ കേശവ് മഹാരാജിനെ ഇറക്കിയപ്പോൾ ആദ്യ രണ്ടു പന്തുകൾ അതിർത്തി കടത്തിയായിരുന്നു രോഹിത് ശർമയുടെ മറുപടി.
എന്നാൽ നാലാം പന്തിൽ രോഹിത്തിന് അടി പതറി. സ്ക്വയർ ലെഗിലേക്കു പോയ പന്ത് ഹെൻറിച് ക്ലാസൻ പിടിച്ചെടുത്തു. പിന്നാലെയെത്തിയ ഋഷഭ് പന്ത് ഒരു റൺ കൂട്ടിച്ചേർക്കും മുൻപേ പോയി. കേശവ് മഹാരാജിന്റെ പന്ത് ഋഷഭിന്റെ ബാറ്റിൽ തട്ടി ഉയർന്നപ്പോൾ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ പിടിച്ചെടുക്കുകയായിരുന്നു.
കഗിസോ റബാദയെറിഞ്ഞ അഞ്ചാം ഓവറിൽ സൂര്യകുമാർ യാദവും പുറത്തായി. മൂന്നാം പന്ത് ബൗണ്ടറി കടത്താൻ ശ്രമിച്ച സൂര്യയെ ബൗണ്ടറി ലൈനിനു സമീപത്തുനിന്ന് ഹെൻറിച് ക്ലാസൻ പിടിച്ചെടുത്തു. രക്ഷാപ്രവർത്തനത്തിനായി ഇന്ത്യ അക്ഷർ പട്ടേലിനെ നേരത്തേയിറക്കി. എയ്ഡന്‍ മാർക്രത്തെയും കേശവ് മഹാരാജിനെയും സിക്സർ പറത്തിയ അക്ഷര്‍ ഇന്ത്യയ്ക്കു പ്രതീക്ഷ നൽകി. സ്പിന്നർമാരെ ഇറക്കി റണ്ണൊഴുക്കു തടയുകയെന്നതായിരുന്നു മധ്യഓവറുകളിലെ ദക്ഷിണാഫ്രിക്കൻ തന്ത്രം. 10 ഓവറിൽ 75 റൺസാണ് ഇന്ത്യ നേടിയത്.
ടോസ് വിജയിച്ച ക്യാപ്റ്റൻ രോഹിത് ശർമ ആദ്യം ബാറ്റു ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപിച്ച അതേ ടീമുമായാണ് ഇന്ത്യ ഇറങ്ങിയത്. സൂര്യകുമാര്‍ യാദവിന്‍റെ മനോഹരമായ ക്യാച്ചും മൂന്ന് വിക്കറ്റ് നേടിയ ഹാര്‍ദ്ദിക് പണ്ട്യയുമാണ് കളിയുടെ ഗതി മാറ്റിയത്.ഒരു സമയത്ത് മുപ്പത് പന്തില്‍ അഞ്ച് വിക്കറ്റ് ശേഷിക്കെ മുപ്പത് റണ്‍സ് മാത്രം ജയിക്കാന്‍ മതിയായിരുന്ന ദക്ഷിണാഫ്രിക്കയില്‍ നിന്നും ഇന്ത്യ ജയം പിടിച്ച് വാങ്ങുകയായിരുന്നു.