ദേശീയം
ഗംഗാവലിയിൽ മൺകൂനയുടെ താഴെ മരങ്ങൾ കണ്ടെത്തി: ഡ്രഡ്ജിങ് സാധ്യത പരീക്ഷിക്കും
കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തിരച്ചിനിടെ മൺകൂനയുടെ താഴെ മരങ്ങൾ കണ്ടെത്തിയെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ. ഈശ്വർ മാൽപെയുടെ പരിശോധനയിലാണ് മരങ്ങൾ കണ്ടെത്തിയത്. ഡ്രഡ്ജിങ് സാധ്യത പരീക്ഷിക്കുമെന്ന് എംഎൽഎ ട്വന്റിഫോറിനോട് പറഞ്ഞു.
ഡ്രഡ്ജർ എത്തിക്കാൻ പാലങ്ങളുടെ നീളം പരിശോധിച്ചെന്ന് സതീഷ് കൃഷ്ണ സെയിൽ പറർഞ്ഞു. ഗംഗാവലിയിൽ തിരച്ചിൽ തുടരുകയാണ്. ഈശ്വർ മാൽപെയുടെ യുടെ നേതൃത്വത്തിലുള്ള സംഘമാണ് പുഴയിൽ പരിശോധന നടത്തുന്നത്. ഈശ്വർ മാൽപെ ആറ് ഡൈവുകൾ നടത്തിയിരുന്നു. മൺകൂനയിലെ വലിയ കല്ലിലും ബോട്ടിലും കയർ കെട്ടിയാണ് മുങ്ങുന്നത്. മുളയിലാണ് വള്ളം നിയന്ത്രിച്ച് നിർത്തിയിരിക്കുന്നത്.
ചെളിയും മണ്ണും കല്ലും പ്രതിസന്ധി ഉയർത്തുന്നുണ്ട്. അടിത്തട്ടിലെത്താൻ സാധിക്കുന്നില്ല. ഇരുട്ട് വീഴും വരെ പരിശോധന നടത്താനാണ് തീരുമാനം. അടിയന്തിര സാഹചര്യമുണ്ടായാൽ ഇടപെടാൻ നേവിക്ക് നിർദേശം കളക്ടർ നൽകിയിട്ടുണ്ട്. നദിയിൽ നേവി സുരക്ഷയൊരുക്കും. അർജുന്റേതെന്ന് കരുതുന്ന ട്രക്ക് ഉണ്ടെന്ന് ഉറപ്പിച്ച പോയിന്റ് നമ്പർ ഫോറിലാണ് പരിശോധനകൾ നടക്കുന്നത്.
കലിതുള്ളിയൊഴുകുന്ന ഗംഗാവലി തീർക്കുന്ന പ്രതിബന്ധങ്ങളിൽ തട്ടി ഷിരൂരില്‍ അര്‍ജുനായുള്ള രക്ഷാദൗത്യം നീളുകയാണ്. കാലാവസ്ഥയും പുഴയിലെ അടിയൊഴുക്കും ചെളിയും വെല്ലുവിളിയായി മുന്നില്‍ നില്‍ക്കുമ്പോഴും സാങ്കേതിക വിദ്യയുടെയും ആധുനിക സംവിധാനത്തിന്റെയും പിന്‍ബലത്തില്‍ സൈന്യവും നേവിയും സ്‌കൂബ ടീമും സൈനിക സാങ്കേതിക വിദഗ്ധരും തിരച്ചിൽ തുടരുകയാണ്. അര്‍ജുനടക്കം മണ്ണിടിച്ചിലിൽ പെട്ട് കാണാമറയത്തായി പോയവർക്കായി കേരളത്തിൻ്റെ പ്രാർത്ഥനകളും രക്ഷാപ്രവർത്തകരുടെ ആത്മസമർപ്പണവും ഒരുമിച്ച് ചേരുന്ന കാഴ്ചയാണ് ഷിരൂരിൽ കാണാനാവുന്നത്.