കേരളം
മരം മുറിക്കേസ്; വിവാദ ഉത്തരവ് റദ്ദാക്കിയതിന് ശേഷവും മരംമുറിക്കാൻ പാസ് നൽകിയെന്ന് കണ്ടെത്തൽ
മരം മുറിയുമായി ബന്ധപ്പെട്ട വിവാദ ഉത്തരവ് റദ്ദാക്കിയിട്ടും മുറിക്കാൻ വനം വകുപ്പ് പാസ് നൽകിയതായി കണ്ടെത്തൽ. സംസ്ഥാന വ്യാപകമായി ഈ രീതിയിൽ 50 ലേറെ പാസുകൾ അനുവദിച്ചെന്നും ആയിരത്തിലേറെ മരങ്ങൾ മുറിച്ചെന്നുമാണ് വനംവകുപ്പിന്റെ അന്വേഷണത്തിൽ തെളിഞ്ഞത്.
ഉദ്യോഗസ്ഥരുടെ ഒത്തുകളിയാണ് ഇതിന് പിന്നിലെന്ന് വ്യക്തം. ഫെബ്രുവരി രണ്ടിനാണ് വിവാദ ഉത്തരവ് റദ്ദാക്കിയത്. ഫെബ്രുവരി രണ്ടിന് ശേഷം വനംവകുപ്പ് ഉദ്യോഗസ്ഥർ നൽകിയത് 50 ലേറെ പാസുകളാണ്. ഒരു പാസിൽ തന്നെ ഇരുപതിലേറെ മരങ്ങൾ മുറിക്കാം.
അടിമാലി-നേര്യമംഗലം, പാലോട്, പരുത്തിപ്പള്ളി, അച്ചൻകോവിൽ അടക്കം സംസ്ഥാനത്തെ വനംവകുപ്പിൻറ വിവിധ റേഞ്ചുകളിൽ മരംമുറി നടന്നു. ആകെ 2400 മരങ്ങൾ വെട്ടിക്കടത്തിയെന്ന റിപ്പോർട്ട് വിവാദം അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനാണ് വനംവകുപ്പ് കൈമാറിയത്.
മറ്റ് വകുപ്പുകളുടെ റിപ്പോർട്ടും ചേർത്ത് തുടർനടപടി ഉണ്ടാകുമെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. എന്നാൽ ഉത്തരവ് റദ്ദാക്കിയശേഷം പാസ് നൽകിയ ഉദ്യോഗസ്ഥർക്കെതിരെ വനംവകുപ്പിന് നടപടിയെടുക്കാൻ കാത്തിരിക്കേണ്ട ആവശ്യം ഒട്ടുമില്ല.