കേരളം
വീട്ടുവളപ്പില്‍ കുടുങ്ങിയ തെരുവുനായ ചത്തു; പേവിഷബാധ സ്ഥിരീകരിക്കാന്‍ പരിശോധന
പത്തനംതിട്ട ഓമല്ലൂരിലെ വീട്ടുവളപ്പില്‍ കുടുങ്ങിയ, പേവിഷബാധ ലക്ഷണങ്ങള്‍ ഉണ്ടായിരുന്ന തെരുവുനായ ചത്തു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പേവിഷബാധ സ്ഥിരീകരിക്കാനുള്ള പരിശോധന നടത്തും. തിരുവല്ലയിലെ എവിഎന്‍ ഡിസീസ് ഡയഗ്നോസിസ് ലാബിലാണ് പരിശോധന. വൈകീട്ടോടെ പരിശോധനാ ഫലം ലഭിച്ചേക്കും. നാലരമണിക്കൂര്‍ നീണ്ട പരിശ്രമത്തിനുശേഷമാണ് ഇന്നലെ തെരുവുനായയെ വലയിട്ടുപിടിച്ചു സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്.
വീട്ടിലെത്തിയ നായയെ ഓടിക്കാന്‍ ശ്രമിച്ചപ്പോള്‍ വായില്‍ നിന്ന് നുരയും പതയും വരുന്നതുകണ്ടാണ് പേബാധയെന്ന് സംശയിച്ചത്. തുടര്‍ന്ന് വീട്ടുകാര്‍ ഗെയ്റ്റ് അടച്ചതോടെ നാലുവശവും മതിലുള്ള വീടിനു പുറത്തേക്കിറങ്ങാന്‍ നായയ്ക്ക് കഴിയാതെയായി. വിവരം അറിയിച്ചതോടെ രാവിലെ പത്തുമണിയോടെ പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. 11 മണിയോടെ ഇലന്തൂര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.നീതു വര്‍ഗീസ് സ്ഥലത്തെത്തി നായയ്ക്ക് പേവിഷബാധ സംശയിക്കുന്നതായി അറിയിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ മൃഗസംരക്ഷഷണ ഓഫിസര്‍ ഡോ.ജ്യോതിഷ് ബാബുവും സംഘവും മയക്കാനുള്ള മരുന്നും സിറിഞ്ചുമായി എത്തി.
12 മണിയോടെ നായയെ വലയിട്ടു പിടിച്ചശേഷം ജില്ലാ എപ്പിഡമോളജിസ്റ്റ് ഡോ.ജാനകിദാസ് മയക്കു മരുന്നു കുത്തിവച്ചു. പിന്നീട് നായയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.