കേരളം
സ്പിരിറ്റ് ക്രമക്കേട്: ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ഉദ്യോഗസ്ഥര്‍ ഒളിവില്‍; ജവാന്‍ റം നിര്‍മ്മാണം നിര്‍ത്തി
ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സില്‍ മദ്യ ഉത്പാദനം നിര്‍ത്തി. സ്പിരിറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ ഉന്നതര്‍ ഒളിവില്‍ പോയതോടെയാണ് ഉത്പാദനം നിലച്ചത്. സ്പിരിറ്റ് മോഷണക്കേസില്‍ പ്രതിയായ ജനറല്‍ മാനേജരടക്കം ഒളിവിലാണ്. കഴിഞ്ഞ ദിവസമാണ് ജവാന്‍ റം നിര്‍മ്മാണത്തിനായി മധ്യപ്രദേശില്‍ നിന്നെത്തിച്ച 20,000ത്തോളം ലിറ്റര്‍ സ്പിരിറ്റ് കാണാതായത്.
സ്പിരിറ്റ് ചോര്‍ത്തി വിറ്റതിന് പിന്നില്‍ ഉന്നത ഉദ്യോഗസ്ഥസംഘമാണെന്ന് സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കണ്ടെത്തിയിരുന്നു. സ്ഥാപനത്തിന്റെ ജനറല്‍ മാനേജരടക്കം ഏഴുപേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഒരു ജീവനക്കാരനടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ബിവറേജസ് കോര്‍പ്പറേഷന് വേണ്ടി ജവാന്‍ റം നിര്‍മിക്കാനെത്തിച്ച സ്പിരിറ്റില്‍ നിന്നാണ് 20,000 ലിറ്റര്‍ സ്പിരിറ്റ് കാണാതായത്. 40,000 ലീറ്റര്‍ വീതം സ്പിരിറ്റുമായെത്തിയ രണ്ടു ടാങ്കറുകളിലെ സ്പിരിറ്റാണ് കാണാതായത്. ഒരു ടാങ്കറില്‍ നിന്ന് 12,000 ലീറ്ററും ഒരുടാങ്കറില്‍ നിന്ന് 8000 ലീറ്ററുമാണ് കാണാതായത്. കേരളത്തിലെത്തും മുന്‍പ് ലീറ്ററിന് 50 രൂപ നിരക്കില്‍ വിറ്റുവെന്നാണ് നിഗമനം. പത്ത് ലക്ഷം രൂപയും ലോറിയില്‍ നിന്ന് കണ്ടെടുത്തു.
എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കേരള അതിര്‍ത്തി കടന്നത് മുതല്‍ ഈ ടാങ്കറുകളെ ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്നിരുന്നു. ഫാക്ടറി വളപ്പിലേക്ക് മൂന്ന് ടാങ്കറുകളും കടന്നതോടെ ടാങ്കറുകള്‍ വളഞ്ഞ് പരിശോധന നടത്തുകയായിരുന്നു. ഫാക്ടറിയിലെ സ്പിരിറ്റിന്റെ കണക്ക് സൂക്ഷിക്കുന്ന അരുണ്‍ കുമാര്‍ എന്ന ജീവനക്കാരന് നല്‍കാനുള്ള പണം എന്നാണ് ആണ് ടാങ്കര്‍ ഡ്രൈവര്‍മാരുടെ മൊഴി.