ദേശീയം
ദളിതരെ അപമാനിക്കുന്ന ‘കച്ചറ’ പരസ്യം: സൊമാറ്റോയ്ക്ക് ദേശീയ പട്ടികജാതി കമ്മീഷന്റെ നോട്ടീസ്
ദളിത് വിഭാഗത്തെ അപമാനിച്ചെന്ന ആരോപണത്തിൽ ഓൺലൈൻ ഫുഡ് ഡെലിവറി ശൃംഖലയായ സൊമാറ്റോയ്ക്ക് നോട്ടീസ്. ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സൊമാറ്റോ സംപ്രേഷണം ചെയ്ത പരസ്യത്തിൽ ദളിതരെ അപമാനിക്കുന്ന പരാമർശങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന ആരോപണത്തിത്തെ തുടർന്ന് ദേശീയ പട്ടികജാതി കമ്മീഷനാണ് വിശദീകരണം ആവശ്യപ്പെട്ടത്.
2001 ൽ പുറത്തിറങ്ങിയ ലഗാൻ എന്ന സിനിമയിൽ ആദിത്യ ലഖിയ അവതരിപ്പിച്ച ‘കച്ചറ’ എന്ന കഥാപാത്രത്തെ മാലിന്യമായി ബന്ധപ്പെടുത്തി പരസ്യത്തിൽ പരാമർശിച്ചിട്ടുണ്ട്. ഇതാണ് വിവാദത്തിന് കാരണമായത്. ജൂൺ അഞ്ചിന് പുറത്തുവിട്ട വീഡിയോയ്‌ക്കെതിരെ വ്യാപക വിമർശനവും പ്രതിഷേധവുമായിരുന്നു ഉയർന്നുവന്നത്. സൊമാറ്റോയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കമ്മീഷന് പരാതി ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് നടപടി.
എൻഡിടിവിയുടെ റിപ്പോർട്ട് പ്രകാരം കമ്മീഷൻ സൊമാറ്റോ സ്ഥാപകൻ ദീപീന്ദർ ഗോയലിനും നോട്ടീസ് അയച്ചിട്ടുണ്ട്. സംഭവത്തിൽ ദേശീയ പട്ടികജാതി കമ്മീഷൻ വിശദമായ അന്വേഷണം ആരംഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു. നിശ്ചിത സമയത്തിനുള്ളിൽ മറുപടി ലഭിച്ചില്ലെങ്കിൽ, ദീപീന്ദർ ഗോയൽ നേരിട്ട് ഹാജരാകുന്നതിന് സമൻസ് അയക്കുമെന്നും കമ്മീഷൻ അറിയിച്ചു. എന്നാൽ നോട്ടീസ് ലഭിച്ചതിനെക്കുറിച്ച് സൊമാറ്റോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതാദ്യമായല്ല സൊമാറ്റോ വിവാദത്തിലാകുന്നത്.