കേരളം
‘പൊലീസ് കുപ്പായം അഴിക്കുന്നു’; സിനിമാ രംഗത്ത് ചുവടുറപ്പിക്കാനൊരുങ്ങി ഡിജിപി ടോമിൻ തച്ചങ്കരി
സിനിമ രംഗത്ത് സജീവമാകാൻ ഡിജിപി ടോമിൻ തച്ചങ്കരി. മറ്റന്നാൾ സർവീസിൽ നിന്ന് വിരമിക്കുന്നതിന് പിന്നാലെയാണ് സിനിമാ മേഖലയിലേക്കുള്ള തച്ചങ്കരിയുടെ പ്രവേശം. സര്‍വീസ് കാലത്തെ അനുഭവങ്ങള്‍ ചേര്‍ത്ത് കഥ എഴുതിത്തുടങ്ങുകയാണ് അദ്ദേഹം. തിരക്കഥാ രചന ഏറെക്കുറെ പൂർത്തിയായി കഴിഞ്ഞു. സംവിധായകനെയും താരങ്ങളെയും ഉടൻ തീരുമാനിക്കും.തന്റെ സർവീസ് കാല അനുഭവങ്ങൾ ആദ്യ സിനിമയാക്കാനാണ് തച്ചങ്കരിയുടെ തീരുമാനം.
ഇതിനൊപ്പം ഭാര്യ അനിതയുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന റിയാൻ സ്‌റ്റുഡിയോയുടെ പ്രവർത്തനം സജീവമാക്കാനും തീരുമാനമുണ്ട്. ഭാര്യ അനിതയുടെ പേരിൽ ഉണ്ടായിരുന്ന റിയാൻ സ്റ്റുഡിയോ വീണ്ടും സജീവമാക്കാനും തച്ചങ്കരി ആലോചിക്കുന്നു.
വിരമിക്കൽ സമയത്ത് പൊലീസ് സേനയ്ക്കുള്ള ആദരമായി ഒരു ഗാനവും തച്ചങ്കരി ചിട്ടപ്പെടുത്തുന്നുണ്ട്. കുസൃതിക്കാറ്റ്, ബോക്സർ, മാന്ത്രികക്കുതിര തുടങ്ങിയ മലയാളചലച്ചിത്രങ്ങളുടെയും നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങളുടെയും സംഗീതസംവിധാനം തച്ചങ്കരി മുൻപ് നിർവഹിച്ചിട്ടുണ്ട്. ഇതിൽ ചില ഹിറ്റ് ഗാനങ്ങളും ഉൾപ്പെടുന്നു.
പൊലീസ് ആസ്ഥാനം എഡിജിപി, ക്രൈംബ്രാഞ്ച് മേധാവി, ഫയർഫോഴ്സ് മേധാവി തുടങ്ങിയ പദവികൾ വഹിച്ച തച്ചങ്കരി 1987 ഐ പി എസ് ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനാണ്. വചനം എന്ന ആൽബത്തിലെ രക്ഷകാ എന്റെ പാപഭാരം എല്ലാം നീക്കണെ എന്ന ഗാനരചനയിലൂടെ ശ്രദ്ധേയനായി. പിന്നീട് ഒരുപാട് ക്രിസ്റ്റ്യൻ ഭക്തിഗാനങ്ങൾക്ക് രചനയും സംഗീതവും നൽകി.
തച്ചങ്കരി കെഎസ്ആർടിസി എം ഡിയായിരിക്കെ ജീവനക്കാർക്ക് ഒരു മാസം പോലും ശമ്പളം മുടങ്ങിയിരുന്നില്ല. സംസ്ഥാന പൊലീസ് മേധാവിസ്ഥാനത്തേക്ക് എത്താൻ ഏറെ സാധ്യത കൽപ്പിച്ചിരുന്ന ഉദ്യോഗസ്ഥനായിരുന്നു തച്ചങ്കരി. വ്യാജ സി ഡി വേട്ടയുടെ മറവിൽ റിയാൻ സ്‌റ്റുഡിയോയ്ക്കെതിരെ കുപ്രചരണം അഴിച്ചുവിട്ടത് ക്രൂരമായ നടപടിയായിരുന്നുവെന്ന് തച്ചങ്കരി കരുതുന്നു. ഋഷിരാജ് സിംഗായിരുന്നു അക്കാലത്ത് ആന്റി പൈറസി നോഡൽ ഓഫീസർ.