കേരളം
സംസ്ഥാനത്ത് തുടർച്ചയായ മൂന്നാംദിവസവും സ്വർണവില വർധിച്ചു
സ്വർണവില തുടർച്ചയായ മൂന്നാം ദിവസവും വർധിച്ചു. ഇന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 35,200 രൂപയും ഗ്രാമിന് 4400 രൂപയുമായി. വെള്ളിയാഴ്ച പവന് 80 രൂപ കൂടിയിരുന്നു.
വ്യാഴാഴ്ച പവന് 200 രൂപയാണ് വർധിച്ചത്. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു ചൊവ്വ, ബുധൻ ദിവസങ്ങളിൽ സ്വർണ വ്യാപാരം നടന്നത്. തിങ്കളാഴ്ച സ്വർണം ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞിരുന്നു.
ജൂലൈയിൽ മുന്നേറ്റം തുടർന്ന സ്വർണം ഓഗസ്റ്റിൽ താഴേക്ക് പോകുന്ന കാഴ്ചയാണ് ആദ്യം ദൃശ്യമായതെങ്കിലും അവിടെ നിന്ന് കരകയറുന്നതായാണ് ഇപ്പോള്‍ കാണുന്നത്. നിക്ഷേപമെന്ന നിലയിൽ കഴിഞ്ഞ ഒരു വർഷമായി സ്വർണത്തിന്റെ നിറം മങ്ങുന്നതാണ് കണ്ടത്.
കോവിഡ് ഒന്നാം തരംഗത്തിന് പിന്നാലെ കഴിഞ്ഞ വർഷം ഓഗസ്റ്റ് 7, 8 ,9 തീയതികളിലാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയായ പവന് 42,000 രൂപയിലെത്തിയത്. ഗ്രാമിന് 5250 രൂപയായിരുന്നു അന്ന്. ഒരു വർഷത്തിനു ശേഷം 2021 ഓഗസ്റ്റ് 9ന് സ്വർണ വില പവന് 34,680 രൂപയായി താഴ്ന്നിട്ടുണ്ട്. പവന് 7320 രൂപയുടെ കുറവാണിത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ നിന്നും ഗ്രാമിന് കുറഞ്ഞത് 915 രൂപയാണ്.