കേരളം
ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍
കൃഷിക്കും ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ ഉപാധികളോടെ കൊല്ലാന്‍ അനുമതി നല്‍കുന്ന ഉത്തരവിന്റെ കാലാവധി നീട്ടി. കാട്ടുപന്നികളെ ഉപാധികളോടെ കൊല്ലുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും നടപടിക്രമങ്ങളും അടങ്ങുന്ന 2022 മെയ് 28ലെ ഉത്തരവിന്റെ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ച് ഇറക്കിയ ഉത്തരവിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
മറ്റു തീരുമാനങ്ങള്‍:
നാല് സര്‍ക്കാര്‍ ലോ കോളേജുകളില്‍ പുതിയ അധ്യാപക തസ്തികകള്‍
നാല് സര്‍ക്കാര്‍ ലോ കോളേജുകളില്‍ പുതിയ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. തിരുവനന്തപുരം (3), എറണാകുളം( 7), തൃശ്ശൂര്‍ (9), കോഴിക്കോട് (7) എന്നിങ്ങനെ 26 തസ്തികകളാണ് സൃഷ്ടിക്കുക.
ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ
പേവിഷബാധയേറ്റ് മരിച്ച കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശി ഷീബാകുമാരിയുടെ മാതാവ് കുഞ്ഞുലക്ഷ്മിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ നല്‍കാന്‍ തീരുമാനിച്ചു.
റവന്യുഭവന്‍ നിര്‍മ്മാണത്തിന് അനുമതി
റവന്യുഭവന്‍ നിര്‍മ്മാണത്തിനും ഡോ. എപിജെ അബ്ദുള്‍കലാം നോളജ് സെന്റര്‍ ആന്‍ഡ് സ്‌പെയ്‌സ് മ്യൂസിയം സ്ഥാപിക്കുന്നതിനും അനുമതി നല്‍കാന്‍ തീരുമാനിച്ചു.
തിരുവനന്തപുരം പേരൂര്‍ക്കട വില്ലേജില്‍ കവടിയാര്‍ കൊട്ടാരം വക മിച്ചഭൂമി ഏറ്റെടുത്ത സ്ഥലമാണ് ഉപയോഗിക്കുക. 100 സെന്റ് ഭൂമി റവന്യുഭവന്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കും. 130 സെന്റ് ഭൂമി ഡോ. എപിജെ അബ്ദുള്‍കലാം നോളജ് സെന്റര്‍ ആന്‍ഡ് സ്‌പെയ്‌സ് മ്യൂസിയം സ്ഥാപിക്കുന്നതിന് നിബന്ധനകളോടെ 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കുന്നതിനും അനുമതി നല്‍കി.