Uncategorized
കടയില്‍ പോകണമെങ്കില്‍ നിബന്ധന കര്‍ശനമായി പാലിക്കണം; നിലാപാട് മാറ്റില്ലെന്ന് വീണ ജോര്‍ജ്
കടകളിൽ പോകാൻ കർശന നിബന്ധന വെച്ച സർക്കാർ ഉത്തരവ് തിരുത്തില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. വാക്സിൻരേഖ, ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ്, കൊവിഡ് മുക്തിരേഖ എന്നിവയുള്ളവർക്ക് മാത്രമേ കടകളിൽ പോകാൻ അനുമതിയുള്ളൂ. ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ മാറ്റം വരുത്തില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിയമസഭയിൽ വ്യക്തമാക്കി. സർക്കാർ നിയമസഭയിൽ പ്രത്യേക പ്രസ്താവനയിലൂടെ വ്യക്തമാക്കിയ നയമാണ് ചീഫ് സെക്രട്ടറി ഉത്തരവിലൂടെ പ്രായോഗികമാക്കിയതെന്ന് ആരോഗ്യ മന്ത്രി വിശദീകരിച്ചു.
അതേ സമയം സംസ്ഥാനത്ത് പുതിയ മാനദണ്ഡം അടിസ്ഥാനമാക്കിയുള്ള കോവിഡ് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നു. ഇന്ന് മുതൽ കടകളിൽ എത്താൻ കോവിഡ് ഇല്ലെന്ന രേഖ നിർബന്ധം. കടകളിലെത്താൻ വാക്സിൻ സർട്ടിഫിക്കറ്റ്, കോവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ്, രോഗംമാറിയ സർട്ടിഫിക്കറ്റ് എന്നിവയിലേതെങ്കിലും ഒന്ന് നിർബന്ധമാക്കുമെന്നാണ് ജില്ലാ കളക്ടർമാർ അറിയിച്ചിരിക്കുന്നത്. വാക്സിൻ സർട്ടിഫിക്കറ്റ് മൊബൈലിലോ, പ്രിന്റ് ഔട്ട് എടുത്തോ കാണിക്കാം. എന്നാൽ ഇതടക്കമുള്ള കാര്യങ്ങൾ അപ്രായോഗികവും ആശയക്കുഴപ്പം ഉണ്ടാക്കുന്നതുമാണെന്നുമാണ് വിമർശനം ഉയരുന്നത്.
സംസ്ഥാനത്ത് കോവിഡ് വാക്സിൻ എടുത്തവരിൽ അധികവും പ്രായമേറിയവരാണ്. 18 വയസിന് മുകളിലുള്ളവർ അടക്കം ലക്ഷക്കണക്കിന് പേർ ഇനിയും വാക്സിനെടുത്തിട്ടില്ല. ഈ സാഹചര്യത്തിൽ യുവാക്കൾക്ക് അടക്കം കടകളിൽ പോകുന്നതിന് നിയന്ത്രണം വരുന്നത് എങ്ങനെ ബാധിക്കുമെന്ന് വരും ദിവസങ്ങളിൽ അറിയാം.
ജനസംഖ്യയിലെ പ്രതിവാര രോഗനിരക്ക് കണക്കാക്കി അടച്ചിടുന്നതിൽ താഴേത്തട്ടിൽ ആശയക്കുഴപ്പം ശക്തമാണ്. രോഗനിരക്ക് 10 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങൾ വാർഡ് അടിസ്ഥാനത്തിലാണോ പഞ്ചായത്ത് മൊത്തത്തിലാണോ കണക്കാക്കേണ്ടത് എന്നതിലാണ് പ്രധാന ആശയക്കുഴപ്പം. തിരുവനന്തപുരത്തടക്കം കടകളിലെത്താൻ വാക്സിൻ സർട്ടിഫിക്കറ്റ്, കോവിഡ് ഇല്ലാ സർട്ടിഫിക്കറ്റ്, രോഗംമാറിയ സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമാക്കുമെന്ന് കളക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്.
അതിവ്യാപനമുളള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കിയുള്ള പ്രത്യേകമായ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. WIPR എന്നത് ആഴ്ചയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൊത്തം കോവിഡ് -19 രോഗബാധിതരുടെ എണ്ണത്തെ 1000 കൊണ്ട് ഗുണിച്ചിട്ട് പഞ്ചായത്തിലോ നഗര വാര്‍ഡിലോ ഉള്ള മൊത്തം ജനസംഖ്യയെക്കൊണ്ട് ഹരിക്കുന്നതാണ്. 10 -ല്‍ കൂടുതല്‍ WIPR ഉള്ള പഞ്ചായത്തുകള്‍ നഗര വാര്‍ഡുകളില്‍ പ്രത്യേകമായ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി എല്ലാ ബുധനാഴ്ചയും വൈകുന്നേരത്തോടെ കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ ഇതനുസരിച്ച് പട്ടിക പ്രസിദ്ധീകരിച്ച് അത് സംബന്ധിച്ച വിവരങ്ങള്‍ പ്രചരിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.