കേരളം
കരിങ്കല്ല് ലോറിയില്‍ നിന്നും തെറിച്ചു വീണ് മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
തിരുവനന്തപുരത്ത് വിഴിഞ്ഞം തുറമുഖത്തിലേക്ക് പോയ ടിപ്പര്‍ ലോറിയില്‍ നിന്നും കരിങ്കല്ല് തെറിച്ചു വീണ് മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു. വിഴിഞ്ഞം മുക്കോല സ്വദേശി അനന്തു(24) വാണ് മരിച്ചത്. തുറമുഖത്തിന് സമീപം മുക്കോല ജംങ്ഷനില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.
അനന്തുവിൻ്റെ വീടിന് അടുത്തുവെച്ചായിരുന്നു അപകടം. തുറമുഖ നിർമ്മാണത്തിനായി കല്ലുകൾ കൊണ്ടുപോയ ടിപ്പർ ലോറി റോഡിലെ കുഴിയിലേക്കിറങ്ങിയപ്പോൾ കല്ല് പുറത്തേക്ക് തെറിക്കുകയായിരുന്നു. അനന്തുവിൻ്റെ വാഹനത്തിനു പുറത്തേക്കായിരുന്നു കല്ല് വീണത്. ടിപ്പർ അമിതവേഗത്തിലാണ് വന്നതെന്ന് നാട്ടുകാർ പറയുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ ഉടന്‍ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിംസ് മെഡിക്കല്‍ കോളജിലെ നാലാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിയാണ്.
രാവിലെ ടിപ്പർ ഓടിക്കില്ലെന്ന് നേരത്തെ ജില്ലാഭരണകൂടവും തുറമുഖ അധികൃതരും തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണയിലെത്തിയിരുന്നു. അത് ലംഘിച്ച് വീണ്ടും ഏത് സമയങ്ങളിലും ടിപ്പർ ഓടുന്നുവെന്നാണ് പരാതി. അമിതമായി ലോഡ് കയറ്റിയതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തെ തുടർന്ന് രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ നാട്ടുകാർ തുറമുഖ കവാടം ഉപരോധിച്ചു. നാളെ തുറമുഖ അധികൃതരുമായി രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ചർച്ച നടത്തും.