കേരളം
തൃശ്ശൂർ പൂരം; നഗരത്തിലും പരിസരപ്രദേശങ്ങളിലും സുരക്ഷ ശക്തം
തൃശൂര്‍ പൂരത്തിന് മുന്നോടിയായി നഗരത്തിലും പരിസരപ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കി പൊലീസ്. 5000 പൊലീസുകാരെ പൂര നാളുകളില്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും വിന്യസിക്കാൻ പൊലീസ് ഉന്നതതലയോഗത്തിൽ തീരുമാനമായി.
മുൻവര്‍ഷങ്ങളിൽ പൂര നാളുകളില് ഏതാണ്ട് 10 ലക്ഷം ആളുകളാണ് പൂരനഗരിയിലെത്തിയിരുന്നത്. രണ്ടു വര്‍ഷത്തെ കൊവിഡ് നിയന്ത്രങ്ങള്‍ക്ക് ശേഷം പൂരം നടക്കുമ്പോള്‍ 40 ശതമാനം അധികം ആളുകള്‍ എത്തുമെന്നാണ് ഇൻറലിജൻസ് റിപ്പോര്‍ട്ട്. ഇത് കണക്കിലെടുത്ത് വൻ സുരക്ഷ സന്നാഹങ്ങളാണ് പൊലീസ് ഒരുക്കുന്നത്. തിരക്ക് കൂടുന്ന ഇടങ്ങളിലെല്ലാം പൊലീസിനെ വിന്യസിക്കും.
പൂരനാളുകളിൽ സ്വരാജ് റൗണ്ടില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകും. സ്വരാജ് റൗണ്ടിലേക്ക് പ്രവേശിക്കുന്ന റോഡുകളിലെല്ലാം ബാരിക്കേഡ് സ്ഥാപിക്കും. തൃശൂര്‍ റൗണ്ടിലെ അപകടനിലയിലുള്ള കെട്ടിടങ്ങളില്‍ പൂരം കാണാന്‍ ആളുകള്‍ കയറിനില്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തും. ഇവിടെ പൊലീസ് സുരക്ഷയും ഉറപ്പാക്കും. റൗണ്ടിലെ പെട്രോള്‍ പമ്പുകള്‍ പൂരം ദിവസങ്ങളില്‍ പ്രവര്‍ത്തിക്കരുതെന്നും നിർദേശമുണ്ട്.