കേരളം
തൃശ്ശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി
തൃശ്ശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി. മഴ മുന്നറിയിപ്പിനെ തുടര്‍ന്നാണ് വെടിക്കെട്ട് മാറ്റിവച്ചത്. മഴ തുടരുന്നതിനാൽ വെടിക്കെട്ട് നടത്താനാവില്ലെന്ന് ദേവസ്വങ്ങൾ അറിയിച്ചു. ഇന്ന് വൈകീട്ട് 6.30 നാണ് വെടിക്കെട്ട് നടത്താന്‍ ഇന്നലെ ധാരണയായിരുന്നു. ഇനി എന്നാണ് വെടിക്കെട്ട് നടത്തുക എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കനത്ത മഴയെത്തുടർന്നാണ് 11 ന് പുലർച്ചെ നടക്കേണ്ട വെടിക്കെട്ട് മാറ്റിവച്ചത്.
പൂര പ്രേമികളുടെ കണ്ണും കാതും മനസ്സും നിറച്ച് ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരത്തിന്‍റെ ചടങ്ങുകള്‍ മെയ് 11 ന് പൂര്‍ത്തിയായിരുന്നു. ദേശക്കാരുടെ പൂരമായിരുന്നു അന്ന് നടന്നത്. അന്നേ ദിവസം രാവിലെ 8 മണിയോടെ നായ്ക്കനാൽ പരിസരത്ത് നിന്നും തിരുവമ്പാടിയുംമണികണ്ഠനാല്‍ പരിസരത്തുനിന്ന് പാറമേക്കാവിന്‍റെയും എഴുന്നെള്ളത്ത് ആരംഭിച്ചു. പതിനഞ്ചാനകളുടെ അകമ്പടിയോടെ മേള കുലപതികളായ പെരുവനം കുട്ടന്‍ മാരാരും കിഴക്കൂട്ട് അനിയന്‍ മാരാരും പ്രമാണികളായ മേളത്തോടെയായിരുന്നു എഴുന്നെള്ളത്ത് നടന്നത്. തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലിപ്പിരിഞ്ഞതോടെയാണ് ചടങ്ങുകള്‍ പൂര്‍ത്തിയായത്.
പൂരത്തിന്‍റെ ചടങ്ങുകള്‍ പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ പകല്‍ വെടിക്കെട്ടടക്കം മെയ് 11 ന് നടന്നിരുന്നു. മഴയൊഴിഞ്ഞ് നിന്ന സാഹചര്യത്തിലാണ് അന്ന് പകൽ വെടിക്കെട്ട് നടന്നത്. പാറമേക്കാവിന്‍റെ വെടിക്കെട്ടായിയിരുന്നു ആദ്യം. തുടര്‍ന്ന തിരുവമ്പാടിയുടെ വിടെക്കെട്ടും നടന്നു. ഉച്ച തിരിഞ്ഞ് രണ്ടരയോടെ പകല്‍ വെടിക്കെട്ട് പൂര്‍ത്തിയായി. എന്നാൽ കനത്ത മഴയെ തുടര്‍ന്ന് ഏറെ ശ്രദ്ധയാകർഷിക്കാറുള്ള വൈകിട്ടത്തെ തൃശ്ശൂര്‍ പൂരം വെടിക്കെട്ട് മാറ്റിവെക്കേണ്ടി വന്നു.
തൃശ്ശൂര്‍ പൂരം വെട്ടിക്കെട്ട് കാണാനുള്ള നിയന്ത്രണവും വലിയ തോതിൽ ആശങ്കയുളവാക്കിയിരുന്നു. പിന്നീട് പൊലീസും ദേവസ്വം അധികൃതരും സർക്കാർ പ്രതിനിധികളും തമ്മിൽ ചർച്ച നടത്തി. സ്വരാജ് റൗണ്ടിൽ കാണികളെ അനുവദിക്കാത്ത സാഹചര്യത്തിൽ സ്വരാജ് റൗണ്ടിലെ കെട്ടിടങ്ങൾക്ക് മുകളിൽ നിന്ന് വെടിക്കെട്ട് കാണാനുള്ള അവസരം ഒരുക്കിയിരുന്നു. ഇവിടെ 144 കെട്ടിടങ്ങൾക്ക് ബലക്ഷയമുണ്ടെന്നും ഇവയിൽ കയറരുതെന്നും നിർദ്ദേശമുണ്ടായിരുന്നു. ഈ നിലയിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായപ്പോഴാണ് അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനത്തിന്‍റെ ഭാഗമായുള്ള മഴ തൃശ്ശൂർ നഗരത്തിൽ തോരാതെ പെയ്തത്. അതോടെയാണ് വെടിക്കെട്ട് നീണ്ടത്.